കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം; പയ്യന്നൂരില്‍ കണ്ടത് സിപിഎം വിരുദ്ധരുടെ സംഗമം; കുഞ്ഞികൃഷ്ണന്റേത് പകയുടെ കണക്കു പുസ്തകമെന്നും കെ കെ രാഗേഷ്

Jaihind News Bureau
Friday, February 6, 2026

പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് സി.പി.എം വിരുദ്ധരുടെ സംഗമമായാണ് നടന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ്. ജോസഫ് സി. മാത്യു മുതല്‍ ആര്‍.എം.പി പ്രവര്‍ത്തകര്‍ വരെയുള്ള പാര്‍ട്ടി വിരുദ്ധരുടെ കൂട്ടായ്മയായാണ് ആ ചടങ്ങ് മാറിയത്. എന്ത് ലക്ഷ്യം വെച്ചാണ് ഇത്തരമൊരു പുസ്തക പ്രകാശനം നടത്തിയതെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുമെന്നും കെ കെ രാഗേഷ് പറഞ്ഞു. സി.പി.എമ്മിന് ഉപദേശം നല്‍കാന്‍ ജോസഫ് സി. മാത്യു വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച മിക്ക കാര്യങ്ങളും പാര്‍ട്ടിക്കോ ഓഡിറ്റര്‍മാര്‍ക്കോ അംഗീകരിക്കാന്‍ കഴിയുന്നതല്ല. പാര്‍ട്ടിയോടുള്ള പക വളര്‍ന്ന് പറയുന്ന കാര്യങ്ങളില്‍ വസ്തുതയില്ല. ധനരാജ് ഫണ്ടില്‍ നിന്നും 92 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന ആരോപണം കുഞ്ഞികൃഷ്ണന്റെ വെറും ഭാവനാവിലാസം മാത്രമാണ്. കുഞ്ഞികൃഷ്ണന്റെ റിപ്പോര്‍ട്ട് ശരിയല്ലെന്ന് ഓഡിറ്റര്‍മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചില കാര്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ടെങ്കിലും വലിയ തുകയുടെ തിരിമറി നടന്നെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് രാഗേഷ് പറഞ്ഞു.

പാര്‍ട്ടി അംഗങ്ങളില്‍ നിന്നും സഹകരണ ജീവനക്കാരില്‍ നിന്നുമാണ് ധനരാജ് ഫണ്ട് ശേഖരിച്ചത്. അതുകൊണ്ട് തന്നെ ഇതിന്റെ കണക്ക് പാര്‍ട്ടി അംഗങ്ങളോടും കുടുംബ സംഗമങ്ങളിലും അവതരിപ്പിക്കും. ബൂത്ത് കമ്മിറ്റികള്‍ വഴി ഇത് അംഗങ്ങളെ ബോധ്യപ്പെടുത്തും. എന്നാല്‍ കോണ്‍ഗ്രസുകാരോടോ മാധ്യമങ്ങളോടോ ഈ കണക്ക് പറയേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. എക്‌സ് കമ്മ്യൂണിസ്റ്റായ വി. കുഞ്ഞികൃഷ്ണന്‍ തരംതാണ രീതിയിലാണ് പെരുമാറുന്നതെന്നും പുസ്തകം പ്രസിദ്ധീകരിക്കും മുന്‍പ് കണക്ക് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും കെ കെ രാഗേഷ് വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടിയുടെ ഈ തീരുമാനമെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേര്‍ത്തു.