‘വനിതാ മതിലില്‍ നിർബന്ധമായും പങ്കെടുക്കണം’; സിഡിഎസ് ചെയർപേഴ്‌സന്‍റെ കർശന നിർദ്ദേശം

വനിതാ മതിലിന് ദിവസങ്ങൾ ബാക്കി നിൽക്കെ മതിലിൽ നിർബന്ധമായും പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളോട് സിഡിഎസ് ചെയർപേഴ്‌സന്‍റെ കർശന നിർദ്ദേശം. തിരുവനന്തപുരം കിഴിവില്ലം പഞ്ചായത്തിലാണ് പഞ്ചായത്ത് ഭരണ സമിതിയെ അറിയിക്കാതെ സിഡിഎസ് ചെയർപേഴ്‌സൻ യോഗം നടത്തിയത്. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ കുടുബശ്രീയിൽ നിന്ന് പുറത്ത് പോകുമെന്ന് ഭീഷണി പെടുത്തിയതായി പരാതി.

കഴിഞ്ഞ ദിവസമാണ് ചിറയിൻകീഴ് ബ്ലോക്കിലെ കോൺഗ്രസ് ഭരിക്കുന്ന കിഴിവില്ലം പഞ്ചായത്തിൽ ഭരണ സമിതിയെ അറിയിക്കാതെ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ യോഗം വിളിച്ചത്. വനിതാ മതിവുമായി ബന്ധപ്പെട്ട് കുടുംബശ്രീ എല്ലാ അംഗങ്ങളും നിർബന്ധമായി പങ്കെടുക്കണമെന്ന കർശന നിർദ്ദേശവും യോഗത്തിൽ വച്ച് നൽകി. അതേ സമയം മതിലിൽ പങ്കെടുത്തില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയും ഇവരുടെ ഭാഗത്ത് നിന്നുണ്ടായി. വനിതാ മതിലിൽ പങ്കെടുത്തിലെങ്കിൽ കുടുംബശ്രീയിൽ നിന്ന് പുറത്ത് പോകുമെന്നും ലോൺ അടക്കമുള്ള അനുവദിച്ച് തരില്ലെന്നും ഭീഷണിപ്പെടുത്തിയതായും കുടുംബശ്രീ അംഗങ്ങൾ പറയുന്നു. യോഗം നടക്കുന്നതറിഞ്ഞ സ്ഥലത്തെത്തിയ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീകണ്ഠൻ, വാർഡ് മെമ്പർമാരായ ബിജുകുമാർ, ഷാജഹാൻ എന്നിവർ കുടുബശ്രീ ജില്ലാ കോർഡിനേറ്റർ ഉൾപ്പടെയുള്ളവരോട് സംഭവത്തിൽ പ്രതിഷേധം അറിയിച്ചു. എന്നാൽ സർക്കാർ ഉത്തരവുള്ളതിനാൽ പരിപാടി പങ്കാളിത്തം ഉറപ്പ് വരുത്തിയേ തീരൂ എന്നാണ് കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ഉൾപ്പടെയുള്ളവരുടെ മറുപടി. തുടർന്ന് യോഗം പിരിച്ചുവിടുകയായിരുന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ഇത്തരത്തിൽ യോഗം ചേർന്നു എന്നാൽ അവിടെയെത്തിയ കിഴിവില്ലം പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീകണ്ഠൻ ഉൾപ്പടെയുള്ളവരോട് ഇറങ്ങിപ്പോകാൻ ആഴൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു. തുടർന്ന് യോഗസ്ഥലത്ത് ചെറിയ തോതിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. പ്രതിഷേധത്തെതുടർന്ന് യോഗം പിരിച്ചുവിടുകയായിരുന്നു. സംഭവത്തിൽ കിഴിവില്ലം പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റ ചെയർമാൻ ശ്രീകണ്ഠൻ, വാർഡ് മെമ്പർമാരായ ബിജുകുമാർ, ഷാജഹാൻ എന്നിവർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

vanitha mathilKizhuvillam Panchayath
Comments (0)
Add Comment