മിനിമം താങ്ങുവില, വിളനാശമുണ്ടായാല്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം; ‘കിസാന്‍ ന്യായ്’ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, March 14, 2024

 

ന്യൂഡല്‍ഹി: ‘കിസാന്‍ ന്യായ്’ പദ്ധതിയുടെ കീഴില്‍ കര്‍ഷകര്‍ക്ക് അഞ്ച് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ തങ്ങളുടെ നിരവധി ആവശ്യങ്ങള്‍ക്കായി സമരം ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. കർഷകർക്ക് മിനിമം താങ്ങുവില നല്‍കും, കര്‍ഷകരുടെ കടം, വായ്പ എന്നിവ എഴുതിത്തള്ളുന്നതിനും തുക നിശ്ചയിക്കുന്നതിനുമായി ഒരു സ്ഥിരം കമ്മീഷനെ രൂപീകരിക്കും, ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാറ്റം വരുത്തി വിളനാശമുണ്ടായാല്‍ 30 ദിവസത്തിനകം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കും, കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തി പുതിയ ഇറക്കുമതി-കയറ്റുമതി നയം ഉണ്ടാക്കും, കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് ജിഎസ്ടി ഒഴിവാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്ക് നല്‍കിയത്.

‘രാജ്യത്തെ എല്ലാ ഭക്ഷണ ദാതാക്കള്‍ക്കും എന്‍റെ സല്യൂട്ട്. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും വേരോടെ പിഴുതെറിയുന്ന അഞ്ച് ഉറപ്പുകളാണ് കോണ്‍ഗ്രസ് നിങ്ങള്‍ക്കായി കൊണ്ടുവന്നിരിക്കുന്നത്. വിയര്‍പ്പുകൊണ്ട് നാടിന്‍റെ മണ്ണ് നനയ്ക്കുന്ന കര്‍ഷകരുടെ ജീവിതം സന്തോഷകരമാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

നേരത്തെ വനിതാ ന്യായ് പദ്ധതിയുടെ കീഴില്‍  വനിതകള്‍ക്കായി അഞ്ച് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ദരിദ്രരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ധനസഹായം, സർക്കാർ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം, എല്ലാ ജില്ലയിലും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.