കോഴിക്കോട്: ഹോട്ടൽ വ്യവസായി സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിൽ തള്ളിയ കേസിൽ മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ. തിരൂർ സ്വദേശിയായ സിദ്ദിഖ് (59) നെയാണ് കൊലപ്പെടുത്തി 2 കഷണങ്ങളാക്കിയത്. കോഴിക്കോട് ചിക്ക് ബേക്ക് ഹോട്ടൽ ഉടമയാണ് സിദ്ദിഖ്. ഹോട്ടൽ ജീവനക്കാരൻ ഷിബിലി, ഫർഹാന, സുഹൃത്ത് ആഷിഖ് എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ആയത്. ആഷിഖിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
59 കാരനായ സിദ്ദിഖിന്‍റെ മൃതദ്ദേഹമാണ് രണ്ട് കഷണങ്ങളാക്കി 2 ട്രോളി ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. അട്ടപ്പാടി ഒമ്പതാം വളവിൽ കൊക്കയിൽ നിന്നും പോലീസ് ട്രോളി ബാഗുകൾ രാവിലെ കണ്ടെടുത്തു. ഈ മാസം 18 മുതൽ സിദ്ദിഖിന്‍റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. സിദ്ദിഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതായതോടെ മകൻ 23 ന് തിരൂർ പൊലീസിൽ മിസിംഗ് കേസ് നൽകിയിരുന്നു. പോലീസിന്‍റെ അന്വേഷണത്തിൽ സിദ്ദിഖിന്‍റെ അക്കൗണ്ടിൽ നിന്നും വലിയ തുക പിൻവലിച്ചതായി കണ്ടെത്തുകയും മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയത് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡികാസ ഹോട്ടലിൽ വച്ചാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനെ കാണാതായതും ദുരൂഹത വർധിപ്പിച്ചു.
തുടർന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖ് കൊല്ലപ്പെട്ടതായി പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എരഞ്ഞിപ്പാലത്തെ ഡികാസ ഹോട്ടലിൽ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിൽ സിദ്ദിഖിന്‍റെ രക്തസാമ്പിൾ ഉൾപ്പെടെയുള്ളവ പോലീസ് കണ്ടെത്തി. തുടർന്ന് കൊല്ലപ്പെട്ട വിവരം തിരൂരിലെ കുടുംബത്തെ അറിയിച്ചു. ഇതിനിടെ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ പ്രതിയായ ആഷിക് എന്ന ചിക്കുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആഷിഖിൽ നിന്നാണ് മറ്റു രണ്ടു പ്രതികളായ ഷിബിലി, ഫർഹാന എന്നിവർ ട്രെയിൻ മാർഗം രക്ഷപ്പെട്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് വിവിധ റെയിൽവേ സ്റ്റേഷനുകളിലും മറ്റും പോലീസ് ഇക്കാര്യം അറിയിച്ചു. ഇന്നലെ വൈകിട്ട് ഷിബിലി, ഫർഹാന എന്നിവരെ ചെന്നൈയില്‍ വെച്ച് റെയിൽവേ പോലീസ് പിടികൂടി. രാത്രി തന്നെ മലപ്പുറം പോലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ചെന്നൈയിലേക്ക് പുറപ്പെട്ടു. പ്രതികളുമായി രാത്രിയോടെ പോലീസ് മലപ്പുറത്തെത്തും. അട്ടപ്പാടിയിൽ നിന്നും കണ്ടെത്തിയ സിദ്ദിഖിന്‍റെ മൃതദേഹത്തിന് ഏഴു ദിവസത്തെ പഴക്കമുണ്ടെന്ന് മലപ്പുറം എസ്.പി പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം എന്ന് സംശയിക്കുന്നതായും എസ്.പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
സിദ്ദിഖിന്‍റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. 15 ദിവസം മാത്രം ജോലി ചെയ്ത ഷിബിലിയെ സ്വഭാവ ദൂഷ്യത്തെ തുടർന്ന് സിദ്ദിഖ് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇയാളുടെ കൂലി നൽകാനായി പതിനെട്ടാം തീയതി വ്യാഴാഴ്ച ഹോട്ടലിലേക്ക് പോയ സിദ്ദിഖിനെ പിന്നീട് ഹോട്ടൽ ജീവനക്കാരും ബന്ധുക്കളും കണ്ടിട്ടില്ല. എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ സിദ്ദിഖ് രണ്ടു മുറികൾ ബുക്ക് ചെയ്തിരുന്നു. ഇവിടെവെച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഈ ഹോട്ടലിൽ നിന്നും രണ്ടു ട്രോളി ബാഗുകളിൽ കാറിലേക്ക് കയറ്റുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് ലഭിച്ചു. 19 ന് വൈകിട്ട് മൂന്ന് 9 നും മൂന്ന് 19നും ഇടയിലുള്ള സമയത്താണ് ട്രോളി ബാഗുകൾ കാറിൽ കയറ്റിയതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ കാണാം.
അങ്ങാടിപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നും സിദ്ദിഖിന്‍റെ അക്കൗണ്ടിൽ നിന്ന് വൻ തുകകൾ പിൻവലിച്ചിട്ടുണ്ട്. ഇതിനുശേഷം ഷിബിലി, ഫർഹാന എന്നിവർ ട്രെയിൻ മാർഗം രക്ഷപ്പെട്ടു. മൃതദേഹവുമായി സിദ്ദിഖ് അട്ടപ്പാടിയിലേക്ക് പോവുകയും അവിടെ ഒമ്പതാം മൈലിൽ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു. എന്തിനാണ് കൊലപാതകം നടത്തിയത് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. വ്യക്തി വൈരാഗ്യം, പണം തട്ടൽ, ഹണി ട്രാപ്പ് തുടങ്ങിയവയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ദുരൂഹത നീങ്ങുകയുള്ളൂ. അതിനിടെ തൃശൂർ ചെറുതുരുത്തിയിൽ നിന്നും സിദ്ദിഖിന്‍റെ കാർ പോലീസ് കണ്ടെത്തി തിരൂരിൽ എത്തിച്ചിട്ടുണ്ട്.