തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പാറശാല എസ്എച്ച്ഒയുടെ കാറാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് എസ്എച്ച്ഒ അനില്‍കുമാറിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജന് ഏറെ നേരം റോഡില്‍ രക്തം വാര്‍ന്ന് കിടന്നാണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് വാഹനം തിരിച്ചറിഞ്ഞത്.
അമിതവേഗതയിലും അലക്ഷ്യമായും കാറോടിച്ചതാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറില്‍ പറയുന്നു. അപകടസമയത്ത് എസ്എച്ച്ഒ അനില്‍കുമാറാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.