കൊച്ചി ക്യാൻസർ സെന്‍റർ നിർമ്മാണത്തിന് കിഫ്ബിയുടെ സ്റ്റോപ്പ് മെമ്മോ

Jaihind News Bureau
Thursday, November 28, 2019

കൊച്ചി ക്യാൻസർ സെന്‍റർ നിർമ്മാണത്തിന് കിഫ്ബിയുടെ സ്റ്റോപ്പ് മെമ്മോ. നിർമാണത്തിലെ ഗുണനിലവാരമില്ലായ്മയും പദ്ധതിയിലെ കാലതാമസവുമാണ് സ്റ്റോപ്പ് മെമ്മോ നൽകാൻ കാരണമായി പറയുന്നത്. ക്യാൻസർ സെന്‍ററിന് പുറമേ മറ്റ് നാല് പദ്ധതികൾക്കും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്.

ഗുണനിലവാരമില്ലാത്ത നിർമാണവും, നിർമാണത്തിലെ കാലതാമസവും, കൊച്ചി കാൻസർ സെന്‍ററിന്‍റെ നിർമാണപ്രവർത്തികൾ നിർത്തിവയ്ക്കാൻ കാരണമായി കിഫ്ബി പറയുന്നു. നിർമാണത്തിന്‍റെ നിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ വിഭാഗം നൽകിയ നിർദേശങ്ങൾ കൊച്ചിൻ കാൻസർ സെന്‍റർ നടപ്പാക്കിയില്ല.

നിർമാണപ്രവർത്തികൾ നിർത്തിവയ്ക്കാൻ എസ്പിവി ആയ ഇൻകെലിന് കിഫ്ബി നിർദേശം നൽകി. കഴിഞ്ഞ ദിവസം കൊച്ചിൻ കാൻസർ സന്റെറിൽ നിർമാണത്തിലിരുന്ന കെട്ടിടഭാഗം ഇടിഞ്ഞു വീണിരുന്നു. ഈ അപകടത്തെ തുടർന്ന് കിഫ്ബി സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തി. ഇതിൽ ഇടിഞ്ഞു വീണ കോൺക്രീറ്റ് പാനലുകളുടെയും ഷട്ടറിങ്ങിന്‍റെയും നിർമാണത്തിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തി. പൊതുമരാമത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളോ മാനദണ്ഡങ്ങളോ ഇൻകെലോ കരാറുകാരനോ പാലിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. തുടർ പരിശോധനകൾക്കു ശേഷം നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു മാത്രമേ ഇനി പ്രവർത്തികൾ തുടങ്ങാവൂ എന്ന് ഇൻകെലിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമേ മറ്റു നാലു പദ്ധതികളുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തികളും ഗുണനിലവാരം പാലിക്കാത്തതിനാൽ നിർത്തിവയ്ക്കാൻ കിഫ്ബി സ്‌റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കിഫ് ബി ഫണ്ട് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കാലതാമസവും നിർമാണത്തിലെ അപാകതകളും നേരത്തേയും റിപ്പോർട്ട് ചെയ്തിരുന്നു.