കിഫ്ബി മസാല ബോണ്ട് കേസ്; മുഖ്യമന്ത്രി പിണറായി വിജയനും പ്രതിക്കൂട്ടില്‍, ഇടത് മുന്നണിയിൽ കലഹം രൂക്ഷമാകുന്നു

Jaihind Webdesk
Friday, January 26, 2024

കൊച്ചി:  കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് കുരുക്ക് മുറുക്കുന്നതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിക്കൂട്ടിലായതോടെ ഇടത് മുന്നണിയിൽ കലഹം രൂക്ഷമാകുന്നു. ചില ഇടത് നേതാക്കൾ മുന്നണിയിൽ അതൃപ്തി അറിയിച്ചു. കരുവന്നൂർ ബാങ്കിലെ കോടികളുടെ കള്ളപ്പണമിടപാടിന് പിന്നാലെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട എക്സാ ലോജിക് അഴിമതിയും മസാല ബോണ്ടിലെ ക്രമക്കേടും രാഷ്രീയകേരളം ഉറ്റുനോക്കുകയാണ്.

മസാല ബോണ്ട് വിദേശത്ത് നിന്ന് ഇറക്ക് മതി ചെയ്തതിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്നരേഖകൾ ഇ ഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിയും തോമസ് ഐസക്കും പ്രതികൂട്ടിൽ നിൽക്കുമ്പോൾ ഇ ഡിയുടെ നടപടി അടുത്തതെന്താകുമെന്നാണ് കണ്ടറിയേണ്ടത്. തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതിയിൽ സിപിഐ നേതാവായ ഭാസുരാംഗനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത ഇ ഡി മസാല ബോണ്ടിലും കരുവന്നുരിലും സ്വീകരിക്കുന്ന നടപടി സംശയകരമാണ്.

സിപിഎം നേതാക്കളെ സമ്മർദ്ദത്തിലാക്കി കടുത്ത വിലപേശൽ ഉണ്ടാകുമോ എന്നും രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നു. മറ്റൊരു കേസിലും സ്വീകരിക്കാത്ത രീതിയിലാണ് ഇ ഡിയും തോമസ് ഐസക്കും നേർക്കുനേർ നടത്തുന്ന വെല്ലുവിളികൾ. ആറ് തവണ സമൻസയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത തോമസ് ഐസക്കിനെതിരെ ഇ ഡി നടപടിയെടുക്കാത്തതും ദുരൂഹതയാണ്. ‘സമൻസിനെ എന്തിന് ഭയക്കുന്നുവെന്ന ഹൈക്കോടതിയുടെ പരാമർഷവും ഇടത് നേതാക്കൾക്ക് ബാധകമാകുന്നില്ല. ലോക്സഭാ ഇലക്ഷന് മുമ്പ് ഈ കേസുകൾക്ക് ആയുസുണ്ടാകുമൊ എന്നതും കണ്ടറിയേണ്ടതുണ്ട്.