തിരുവനന്തപുരം മെഡി. കോളേജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി, രോഗി മരിച്ചു; ഗുരുതര അനാസ്ഥ

Jaihind Webdesk
Monday, June 20, 2022

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗുരുതര അനാസ്ഥയെ തുടര്‍ന്ന് വൃക്ക രോഗി മരിച്ചു. മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്ത് നിന്ന് മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേർന്നെങ്കിലും ശസ്ത്രക്രിയ നടത്താന്‍ 4 മണിക്കൂറോളം വൈകി എന്നാണ് ആരോപണം.

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്‍റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്.  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് രണ്ട് ഡോക്ടര്‍മാർ എറണാകുളം രാജഗിരി ആശുപത്രിയില്‍ രാവിലെ 10 മണിയോടെ എത്തിച്ചേർന്നു. മസ്തിഷ്‌ക മരണം സംഭവിച്ച ആളില്‍ നിന്ന് അവയവം എടുക്കുന്ന ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.45ന് പൂര്‍ത്തിയാക്കി വൈകിട്ട് 3 മണിയോടെ ഇവര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. മൂന്ന് മണിക്കൂർ കൊണ്ട് വൈകിട്ട് 6 മണിയോടെ  ആംബുലന്‍സ് മെഡിക്കല്‍ കോളേജിലെത്തി.

എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇത്രയും കാര്യങ്ങള്‍ നടത്തിയിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കുള്ള മുന്നൊരുക്കങ്ങളൊന്നും തന്നെ നടത്തിയിരുന്നില്ല. ആശയക്കുഴപ്പങ്ങള്‍ക്കും തടസങ്ങള്‍ക്കും ഒടുവില്‍ രാത്രി 9.30നാണ് ശസ്ത്രക്രിയ തുടങ്ങിയത്. അതായത് മൂന്നര മണിക്കൂറോളം വൈകിയാണ് ശസ്ത്രക്രിയ ആരംഭിക്കാനായത്. അനാസ്ഥയില്‍ നഷ്ടമായത് ഒരു വിലപ്പെട്ട ജീവനും. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.