കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിലെ ക്വട്ടേഷന്‍; തമിഴ്നാട് സംഘത്തിലെ ഒരാള്‍ പിടിയില്‍

Jaihind Webdesk
Wednesday, September 7, 2022

 

കൊല്ലം: കൊട്ടിയത്ത് മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ നിന്ന് പതിനാലു വയസുകാരനെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുതറ പുളിയൻവിള തെറ്റയിൽ വീട്ടിൽ ബിജുവാണ് പിടിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കണ്ണനല്ലൂർ വാലിമുക്ക് താമസിക്കുന്ന ആസാദിന്‍റെ മകൻ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട്
കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തമിഴ്നാട്ടുകാരായ ആറു പേരാണ് കുട്ടിയെ തട്ടിയെടുത്തത്. മണിക്കൂറുകൾക്കകം തന്നെ പോലീസ് പാറശാലയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് പിന്നിലെന്ന് വ്യക്തമായി. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയില്ല. പണം വാങ്ങിയെടുക്കാൻ ബന്ധുവിന്‍റെ മകൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.