കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പത്മകുമാറും ഭാര്യയും മകളും മാത്രം പ്രതികള്‍; പോലീസ് കുറ്റപത്രം തയാറാക്കി

Monday, January 15, 2024

 

കൊല്ലം: ഓയൂരിലെ ഓട്ടുമലയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം തയാറായി. കേസിൽ കൂടുതൽ പ്രതികൾ ഇല്ല . നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെ.ആർ. പത്മകുമാറും ഭാര്യയും മകളും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. അടുത്ത ദിവസങ്ങളില്‍ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചേക്കും.

ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കൊല്ലം ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയത്. മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്നാണ് കേസ്. ബാലികയെ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ പാർപ്പിക്കുക, മുറിവേൽപ്പിക്കുക, ഗൂഢാലോചന, തെളിവു നശിപ്പിക്കുക തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 361, 363, 370(4), 323, 34, 201 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചാത്തന്നൂർ സ്വദേശി കെ.ആർ. പത്മകുമാറും ഭാര്യയും മകളും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്.

പത്മകുമാറിനും കുടുംബത്തിനുമുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണ മായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഒട്ടനവധി കുട്ടികളെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോകാൻ ഇവർ പദ്ധതി ഇട്ടിരുന്നതായി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ സഹോദരനാണ് സംഭവത്തിന്‍റെ ദൃക്സാക്ഷി. സാക്ഷിപ്പട്ടികയിൽ നൂറിലേറെ പേരാണുള്ളത്. ശാസ്ത്രീയ തെളിവുകളാണ് കേസിന് ഏറെ പിൻബലമേകുന്നത്. ലാപ്ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവ കുറ്റപത്രത്തിന്‍റെ ഭാഗമായി സമർപ്പിക്കും.

കാറിൽ പ്രതികൾ കുട്ടിയുമായി യാത്ര ചെയ്യുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പത്മകുമാറിന്‍റെ വീട്ടിൽ കുട്ടിയെ പാർപ്പിച്ചതിന്‍റെ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾക്ക് പുറമേ പ്രതികളുടെ ശബ്ദവും കൈയക്ഷരവും ഉൾപ്പെടെയുള്ള തെളിവുകളും ശേഖരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് കോടതിക്ക് കൈമാറാനാണ് ഇപ്പോഴത്തെ തീരുമാനം.

കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു. പൂയപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്‍റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് അന്വേഷിച്ചത്. നവംബർ 27-ന് വൈകിട്ട് തട്ടിക്കൊണ്ടുപോയ കുട്ടിയെ പിറ്റേദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.