മണി ചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ വെട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

Jaihind News Bureau
Saturday, November 30, 2019

മണി ചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ വെട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ സഹായത്തോടെ തട്ടിപ്പ് നടത്തിയിരുന്ന പൊള്ളാച്ചി ജെന്‍ടുജെന്‍ ട്രെന്‍ഡ് എന്‍റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ ചേലക്കര വെങ്ങാനെല്ലൂര്‍ കരുണ നിവാസ് സജീവ് കരുണനെ(44)യാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞിരുന്ന സജീവ് വീട്ടിലെത്തിയെന്നറിഞ്ഞ് എത്തിയ പൊലിസ് വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജില്ലയില്‍ മാത്രം ഇയാളുടെ പേരില്‍ 72 കേസുകളുണ്ട്. ആലത്തൂര്‍ സ്റ്റേഷനില്‍ 21 കേസുകളിലെ ഒന്നാം പ്രതിയാണ്.

പാലക്കാട് ജില്ലയില്‍ മാത്രം നാലുകോടി രൂപയോളം തട്ടിപ്പു നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ജില്ലയില്‍ പടര്‍ന്ന മണി ചെയിന്‍ തട്ടിപ്പ് സമീപകാലത്താണ് പുറത്തു വന്നത്.

സജീവിന്‍റെ ബന്ധുവായ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കെ.സുനലീധരന്‍റെ പിന്തുണയോടെയായിരുന്നു വ്യാപകമായ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് ആരോപണം. പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്ക് ഉള്‍പ്പെടെ പണം നഷ്ടമായതോടെ പാര്‍ട്ടിക്കുള്ളിലും വിവാദം തലപൊക്കിയതിനെത്തുടര്‍ന്ന് കെ സുനലീധരനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സിപിഎം ആലത്തൂര്‍ ഏരിയാ കമ്മിറ്റിയംഗങ്ങളായ മറ്റ് രണ്ടു പേരടക്കം അഞ്ചു പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഏരിയ കമ്മിറ്റിയംഗങ്ങളായ പി.സി പ്രമോദ്, കെ.ജനീഷ് എന്നിവരെ ഒരു വര്‍ഷത്തേയ്ക്കു പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പാടൂര്‍ എല്‍സി അംഗങ്ങളായ വാസുദേവന്‍ വള്ളിക്കാട്, എസ്.അക്ബര്‍ എന്നിവരെ ആറുമാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു.