കെവിന്‍ ദുരഭിമാനക്കൊല അപൂർവങ്ങളില്‍ അപൂർവമെന്ന് കോടതി ; വിധി ചൊവ്വാഴ്ച

കെവിൻ വധക്കേസിൽ വിധി പ്രഖ്യാപിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിൻ വധക്കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നാണ് ജഡ്ജി നിരീക്ഷിച്ചു. പ്രതികൾ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിയാണ് വാദം കേട്ടത്.

കൊല്ലപ്പെട്ട കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരൻ അടക്കം 10 പ്രതികൾ കുറ്റക്കാരെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു. നീനുവിന്‍റെ പിതാവ് ചാക്കോ ജോൺ അടക്കം 4 പേരെ വിട്ടയച്ചിരുന്നു. ഇവർക്കെതിരെ 9 വകുപ്പുകൾ അനുസരിച്ചുള്ള കുറ്റം നിലനിൽക്കും.  ഇന്ത്യൻ ശിക്ഷാ നിയമം 364 എ പ്രകാരം മോചനദ്രവ്യം ആവശ്യപ്പെട്ടല്ലാതെ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോയി വിലപേശുന്ന കുറ്റം തെളിയിക്കപ്പെട്ട, രാജ്യത്തെ ആദ്യ കേസാണ് കെവിൻ വധക്കേസ്. ഇതിനുപുറമെ പത്ത് പ്രതികൾക്കുമെതിരെ കൊലപാതകം, ഭീഷണിമുഴക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് പുറമെ രണ്ടാം പ്രതി നിയാസ്, മൂന്നാം പ്രതി ഇഷാൻ, നാലാം പ്രതി റിയാസ് ഇബ്രാഹിം എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. ഐ.പി.സി 120 ബി പ്രകാരം എഴ് വർഷം വരെ തടവ് ലഭിക്കാം. 2, 4, 6, 9, 11, 12 പ്രതികൾ ഭവനഭേദനം, മുതൽ നശിപ്പിക്കൽ, തുടങ്ങി പത്ത് വർഷം അധിക തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്തു. ഏഴാം പ്രതി ഷിഫിൻ സജാദ് തെളിവ് നശിപ്പിച്ചതായും തെളിഞ്ഞു. എഴ് വർഷം തടവ് ലഭിച്ചേക്കാം. 8,12 പ്രതികൾ മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന മാരകമായ ഉപദ്രവം നടത്തിയെന്ന് കണ്ടെത്തി.

തെന്മലയ്ക്ക് സമീപത്തെ ചാലിയക്കര പുഴയിൽ കെവിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് കേസ്. 2018 മേയ് 28നാണ് കേസിന് ആസ്പദമായ സംഭവം. കോട്ടയം മാന്നാനത്തുള്ള വീട്ടിൽ നിന്ന് കെവിനെയും ബന്ധു അനീഷിനെയും മേയ് 27 ന് 13 അംഗ സംഘം തട്ടിക്കൊണ്ടുപോയി. അനീഷിനെ സംക്രാന്തിയിൽ ഇറക്കിവിട്ട സംഘം കെവിനുമായി കടക്കുകയായിരുന്നു. തുടര്‍ന്ന് തെന്മലയിൽനിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

kevin murder case
Comments (0)
Add Comment