കെവിന്‍ വധക്കേസ്: എസ്.ഐയെ പിരിച്ചുവിടാന്‍ നടപടികള്‍ തുടങ്ങി, എ.എസ്.ഐയെ പിരിച്ചു വിട്ടു

Saturday, February 16, 2019

കെവിന്‍ വധക്കേസ് അന്വേഷണത്തിലെ കൃത്യവിലോപം കണ്ടെത്തിയതിനെത്തുടർന്ന് ഗാന്ധിനഗര്‍ മുന്‍ എസ്ഐ: എം.എസ്.ഷിബുവിനെ ഡിസ്മിസ് ചെയ്യാൻ തീരുമാനിച്ചു. ഐജി വിജയ് സാഖറെ നടപടി തുടങ്ങി. ഷിബുവിനു മറുപടി നല്‍കാന്‍ 15 ദിവസം നൽകി.

കേസിലെ പ്രതിയിൽ നിന്നും കോഴ വാങ്ങിയതിന് എഎസ്ഐ ബിജുവിനെ പിരിച്ചു വിട്ടു. സിപിഒ അജയ്കുമാറിന്റെ ഇന്‍ക്രിമെന്റ് മൂന്നുവര്‍ഷം പിടിച്ചുവയ്ക്കും. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസിന്റെ വീഴ്ച ഏറെ വിവാദമായിരുന്നു. കേസ് ഒത്തുതീര്‍ക്കുന്നതിനായി ഗാന്ധി നഗര്‍ പോലീസ് നടത്തിയ ഇടപെടലുകളാണ് കെവിനെ തട്ടിക്കൊണ്ടുപോകലിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.

കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനായി ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും അക്രമി സംഘവും മന്നാനത്ത് എത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ബിജുവും അജയ്കുമാറും ഇവരെ കണ്ടിരുന്നു. സംഘത്തില്‍ നിന്ന് ബിജു രണ്ടായിരം രൂപ കൈക്കൂലിയും വാങ്ങിയ ബിജു അവസരോചിതമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കോട്ടയം പോലീസ് മേധാവിയുടെ നടപടി.