ലോക്ഡൗണിൽ ഇളവ്: സര്‍ക്കാര്‍ തീരുമാനം കൊവിഡ് പ്രവർത്തനങ്ങളിലെ പാളിച്ചകൾ തുറന്നു കാട്ടുന്നത്: കൊടിക്കുന്നിൽ സുരേഷ് എം പി

ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ച കേരള സർക്കാരിന്‍റെ തീരുമാനത്തെ തുടര്‍ന്നുണ്ടായ  വിവാദം ഈയവസരത്തിൽ ഉണ്ടായത് അങ്ങേയറ്റം ദുർഭാഗ്യകരവും അനവസരത്തിലുള്ളതും കൊറോണ വ്യാപനത്തിനെതിരായ പ്രവർത്തനങ്ങളിലെ ഏകോപന പാളിച്ചകൾ തുറന്നു കാട്ടുന്നതുമാണെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

കേരള സർക്കാർ ഏപ്രിൽ 17 ന് പ്രഖ്യാപിച്ച ഇളവുകൾ ഏപ്രിൽ 15 ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതുക്കിയ സമ്രഗനിർദേശങ്ങൾക്ക് വിരുദ്ധമാണ് എന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്തിൽ നിന്നും വ്യക്തമാണ്. ഒപ്പം തന്നെ ബഹുമാനപെട്ട സുപ്രീം കോടതി മാർച്ച് 31 ന് പ്രഖ്യാപിച്ച വിധിയിലെ നിരീക്ഷണങ്ങൾ നിർദേശമായി കാണണമെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഇതെല്ലം തന്നെ വിരൽ ചൂണ്ടുന്നത് കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും കൊറോണ വ്യാപന നിയന്ത്രണ പ്രവർത്തനങ്ങളിലെ ഏകോപനത്തിലെ പാളിച്ചയും ഗുരുതരമായ വീഴ്ചയുമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി. ലോക്ക് ഡൌൺ കാലത്ത് ദുരിതം അനുഭവിക്കുന്ന പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കാൻ മാത്രമേ ഈ ഇളവുകൾ സംബന്ധിച്ച ഉത്തരവുകളിലെ പിഴവുകൾക്ക് കഴിയു എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

ഈ വിവാദത്തിൽ ഏറ്റവും ശ്രദ്ധേയമായ വിഷയം ടി ആർ പി റേറ്റിങ് ഭ്രമം പിടിപെട്ട സംസ്ഥാന സർക്കാർ തങ്ങൾക്ക് തോന്നിയപോലെയാണ് കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നാണെന്നും  ഒടുവിൽ ഈ വിഷയം വിവാദമായപ്പോൾ കേന്ദ്ര സർക്കാരിന്‍റെ  മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പറയുന്നതും അതിനൊപ്പം തന്നെ ആശയക്കുഴപ്പം ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നുമാണ് ഇതിൽ നിന്ന് സ്പഷ്ടമാകുന്നത്‌. സംസ്ഥാന സർക്കാരിന് തങ്ങളുടെ ഉദ്യോഗസ്ഥ വൃന്ദത്തിനു മേൽ യാതൊരു നിയന്ത്രണവും ഇല്ലായെന്നും ഉദ്യോഗസ്ഥർ എന്ത് ചെയ്യുന്നു എന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് മുഖ്യമന്ത്രിയെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

Comments (0)
Add Comment