‘റഹീമിന്‍റെ മോചനത്തിനായി കൈകോർത്തത് ആർഎസ്എസിനും മോദിക്കും കേരളം നല്‍കിയ മറുപടി; ഇലക്ടറല്‍ ബോണ്ടില്‍ മോദിക്ക് ഭയം’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, April 15, 2024

 

കോഴിക്കോട്: ബിജെപി ആഗ്രഹിക്കുന്നത് കേരളത്തെ ഭിന്നിപ്പിക്കാനെന്ന് രാഹുൽ ഗാന്ധി. അബ്ദുല്‍ റഹീമിനെ രക്ഷിക്കാന്‍ കേരളം കൈകോർത്തത് മഹത്തായ മാതൃകയാണെന്നും ഇത് വർഗീയത പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന മോദിക്കും ആർഎസ്എസിനുമുള്ള മറുപടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇലക്ടറല്‍ ബോണ്ടില്‍ മോദിക്ക് ഭയമാണെന്നും രാഹുല്‍ ഗാന്ധി കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാ റാലിയില്‍ പറഞ്ഞു.

റഹീമിന്‍റെ മോചനത്തിനായി മലയാളികള്‍ സ്വരൂപിച്ച 34 കോടി ആര്‍എസ്എസ് ആശയങ്ങള്‍ക്കുള്ള കേരളത്തിന്‍റെ മറുപടിയാണ്. കേരളത്തിന്‍റെ ശബ്ദം കരുത്തുറ്റതാണ്.  കേരളം മഹത്തായ സംസ്കാരമുള്ള നാടാണ്. വയനാട്ടിലേക്ക് വരുന്നത് സ്വന്തം വീട്ടിലേക്ക് വരുന്നതുപോലെ. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മലയാളികള്‍ എന്നെ നല്ല പാഠം പഠിപ്പിച്ചു. മതങ്ങളെ മലയാളികള്‍ സ്നേഹം കൊണ്ട് കോര്‍ത്തിണക്കിയിരിക്കുന്നു. വെറുപ്പിന്‍റെ ആശയത്തില്‍ ആര്‍എസ്എസും ബിജെപിയും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്ക് അധികാരക്കൊതിയാണ്. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ കാണാന്‍ നരേന്ദ്ര മോദിക്ക് ആകുന്നില്ല. മലയാളം കേവലം ഒരു ഭാഷയല്ല, ഓരോ മലയാളിയുടെയും ആത്മാവാണ്. ഒരു രാഷ്ട്രത്തില്‍ ഒരു ഭാഷ മതിയെന്ന് പറയുന്ന മോദിയോട് സഹതാപമാണ്.

ഇലക്ട്രൽ ബോണ്ട് നിയമവിരുദ്ധമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി അതിലെ വിവരങ്ങള്‍ പുറത്തുവരുന്നതിനെ ഭയക്കുന്നുവെന്നും പറഞ്ഞു. ബിജെപിക്ക് ഫണ്ട് നല്‍കിയ കമ്പനികള്‍ക്ക് വിവിധ പദ്ധതികള്‍ ലഭിച്ചു. ഇലക്ടറല്‍ ബോണ്ട് രാഷ്ട്രീയ ശുദ്ധീകരണത്തിനുള്ള ആയുധമല്ല, കൊള്ളയാണെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. രാജ്യത്തിന്‍റെ സ്വഭാവ സവിശേഷത മനസിലാക്കാൻ പ്രധാന മന്ത്രിക്ക് കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ 25 പണക്കാർക്ക് വേണ്ടി 16 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 24 വർഷത്തെ തുകയ്ക്ക് തുല്യമാണ് ഇത്. രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഖനികൾ, പ്രതിരോധ കരാറുകൾ, ഊർജമേഖല, സൗരോർജമേഖല, അടിസ്ഥാന സൗകര്യവികസനം തുടങ്ങി എല്ലാം ഒരു ബിസിനസുകാരന് കൊടുത്തു. അതിന്‍റെ അനന്തരഫലമായി 45 വർഷത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്തുണ്ടായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷനായിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, യുഡിഎഫ് സ്ഥാനാർത്ഥികളായ എം.കെ. രാഘവൻ ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസമദ് സമദാനി, ഷാഫി പറമ്പിൽ, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡോ. എം.കെ. മുനീർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ, കെ.സി. അബു എന്നിവർ സംസാരിച്ചു. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്.