കോഴിക്കോടിന് യുനെസ്കോ സാഹിത്യനഗരം പദവി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ നഗരം

 

കോഴിക്കോട്: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് അഭിമാനമായി കോഴിക്കോട് ഇനി സാഹിത്യ നഗരം. യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ രംഗത്തും മാധ്യമ രംഗത്തുമെല്ലാം കോഴിക്കോട് കൈവരിച്ച മികവ് അംഗീകരിക്കുന്നതാണ് ഈ നേട്ടം.

യുനെസ്കോയുടെ സാഹിത്യ നഗര പദവി തേടിയെത്തിയത് കേരളത്തിന്‍റെ സ്വന്തം കോഴിക്കോടിനെയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഉപ സംഘടനയായ യുനെസ്കോ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പുതിയ 55 സർഗാത്മക നഗരങ്ങളുടെ പട്ടികയിലാണ് കോഴിക്കോട് ഇടം നേടിയിരിക്കുന്നത്. ഭക്ഷണത്തിനും ആതിഥേയത്വത്തിനും പേരുകേട്ട കോഴിക്കോടിനെ സാഹിത്യത്തിന്‍റെ നഗരമെന്നും നന്മയുടെ നഗരമെന്നും ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം കോഴിക്കോട് ഇനി ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരം എന്നും അറിയപ്പെടും.

സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യ നഗരം എന്ന പദവിയിലേക്ക് തിരഞ്ഞെടുത്തത്. കേരള സാഹിത്യോത്സവത്തിന്‍റെ സ്ഥിരം വേദിയായ കോഴിക്കോട്ട് കെഎല്‍എഫ് ഉള്‍പ്പെടെയുള്ള നിരവധി പുസ്തകോത്സവങ്ങള്‍ നടക്കുന്നതും പദവി നേടിയെടുക്കുന്നതില്‍ നിർണ്ണായക പങ്കു വഹിച്ചു. ഇന്ത്യയിൽ തന്നെ ആദ്യമായി ഈ പദവി കിട്ടുന്ന നഗരമാണ് കോഴിക്കോട്.

Comments (0)
Add Comment