കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യ മേഖല തകര്‍ന്നതു പോലെ വിദ്യാഭ്യാസ മേഖലയും തകരുകയാണെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സംഘപരിവാറാണെന്നാണ് സിപിഎമ്മും എസ്എഫ്‌ഐയും ആരോപിക്കുന്നത്. എന്നാല്‍ വൈസ് ചാന്‍സലറിനെ നിയമിച്ചത് മുഖ്യമന്ത്രി തന്നെയാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. നിസാര പ്രശ്‌നത്തിന്റെ പുറത്ത് തുടങ്ങിയ സംഘര്‍ഷം ഇന്ന് കേരളത്തിലെ സര്‍വ്വകലാശാലകളേയും വിദ്യാര്‍ത്ഥികളേയും തടവിലാക്കിയിരിക്കുകയാണ്.
സര്‍വ്വകലാശാലയില്‍ ഒരു ഫയല്‍ പോലും നീങ്ങുന്നില്ല. സര്‍വ്വകലാശാലയിലെ ഫയലുകള്‍ വൈസ് ചാന്‍സലര്‍ നിയമിച്ച പുതിയ രജിസ്ട്രാര്‍ക്ക് അയക്കണോ അതോ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ക്ക് അയക്കണോ എന്ന് കേരള സര്‍വ്വകലാശാലയിലെ ആര്‍ക്കും അറിയില്ല. ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം സര്‍വ്വകലാശാലകളെ ബാധിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.