ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം തകർച്ചയിലായ കേരളത്തിന്‍റെ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ജെബി മേത്തർ എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
2024 ലെ വരൾച്ച മൂലം 23,700 ഹെക്ടറിൽ കൃഷിനാശം സംഭവിക്കുകയും കർഷകർക്ക് 260 കോടി രൂപയുടെ നഷ്ടം ഉണ്ടാകുകയും ചെയ്തു. 23000 ഹെക്ടറിലെ കാർഷിക ഉൽപാദനം ഗണ്യമായി കുറഞ്ഞതു മൂലം 250 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കൃഷിനാശം സംഭവിച്ച കർഷകരുടെ കടം എഴുതിത്തള്ളുന്നതിന് ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നും വയനാട്ടിലെ ഉരുൾപൊട്ടൽ മൂലം ഉപജീവനമാർഗം നഷ്ടപ്പെട്ട കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.