ആശങ്കയോടെ സംസ്ഥാനം: വരള്‍ച്ചാ ഭീഷണി: പ്രളയാനന്തരം ഭൂഗര്‍ഭ ജലനിരപ്പ് കുറഞ്ഞു

Jaihind Webdesk
Sunday, December 9, 2018

പ്രളയാനന്തരം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞെന്ന് ജലവിഭവവകുപ്പിന്റെ കണ്ടെത്തല്‍. സംസ്ഥാനത്തെ 75ശതമാനം തുറന്ന കിണറുകളിലും കരിങ്കല്‍ പ്രദേശത്തെ 72 ശതമാനം കുഴല്‍ക്കിണറുകളിലും ഭൂജലനിരപ്പ് കുറഞ്ഞു. പത്തനംതട്ടയിലെ സ്ഥിതി ഗുരുതരമെന്നാണ് കണക്കാക്കപ്പെടുന്നത്. പത്തനംതിട്ട ജില്ലയില്‍ മാത്രമായി കേന്ദ്ര ഭൂജലബോര്‍ഡും പ്രത്യേക പഠനം നടത്തി.

സെപ്റ്റംബര്‍ 2017ലെ ഭൂജല വിതാനവും 2018ലെ കണക്കും താരതമ്യം ചെയ്തായിരുന്നു പഠനം. ആഗസ്റ്റിലാണ് കേരളത്തില്‍ പ്രളയമുണ്ടായത്. സെപ്റ്റംബറില്‍ 391 തുറന്ന കിണറില്‍ നിന്നും പീസോമീറ്ററില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രളയവും ഭൂജല സമ്പത്തിലുണ്ടായ മാറ്റവും പരിശോധിച്ചത്. 2017 സെപ്റ്റംബറിലെ ജലവിതാന കണക്കുമായി താരതമ്യം ചെയ്തപ്പോഴാണ് 75ശതമാനം കിണറുകളിലും ഭൂജലവിതാനം കുറഞ്ഞതായി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പക്ഷേ, ഇത് അപകടകരമായ അവസ്ഥയിലല്ലെന്നും ഇനി ലഭിക്കുന്ന മഴയില്‍ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷയെന്നും ഭൂജലവകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍ പറഞ്ഞു. കുറഞ്ഞ സമയത്തിനുളളില്‍ പെയ്ത കനത്തമഴ ഭൂമിയിലേക്കിറങ്ങാതെ കുത്തിയൊലിച്ചു പോയതാണ് ഇതിന് കാരണമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മേല്‍മണ്ണ് നഷ്ടമായതിനാല്‍ മഴ ലഭിച്ചാലും വെളളം മണ്ണില്‍ ശേഖരിക്കാതെ നഷ്ടമാകും. ഭൂജലവിതാനം ഉയര്‍ന്നില്ലെങ്കില്‍ വരള്‍ച്ച വേട്ടയാടുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.[yop_poll id=2]