കരുതലായി കർമ്മസേന; മാതൃകയായി കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസി

Jaihind Webdesk
Saturday, February 18, 2023

 

തിരുവനന്തപുരം:  ‘കർമ്മസേന’യുടെ കരുതലിന് കയ്യടിച്ച് ഒരു നാട്. നിർധന യുവതിയുടെ വിവാഹ ഭക്ഷണവിതരണം ഏറ്റെടുത്ത് നിർവഹിച്ചപ്പോള്‍ അത് കർമ്മസേനയുടെ പുതിയ ഭാരവാഹിത്വത്തിനും അഭിമാന നിമിഷമായി. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസി ഡ്യൂട്ടി ഒഴിവുകളിൽ തിരുവനന്തപുരം ജില്ലയിൽ പാവപ്പെട്ടവർക്ക് കൈത്താങ്ങ് ആകാനും സഹായങ്ങൾ ചെയ്യാനും ലക്ഷ്യമിട്ട് രൂപീകരിച്ച സംഘടനയാണ് കർമ്മസേന.

കർമ്മസേനയിൽ പുതിയ ഭാരവാഹികളായി ചുമതലയേറ്റ പ്രസിഡന്‍റ് ഷഫീർ ഖാൻ, സെക്രട്ടറി ഷമീർ എന്നിവരുടെ നേതൃത്വത്തിൽ ആദ്യ പ്രോഗ്രാം പാങ്ങോട് നിർധനരായ യുവതിയുടെ വിവാഹ ഭക്ഷണ വിതരണം ഏറ്റെടുത്തുകൊണ്ടായിരുന്നു.  ഏറ്റെടുത്ത ചുമതല ഭംഗിയായി നിർവഹിച്ച് തുടർന്ന് ഉപഹാരവും നൽകി മടങ്ങിയപ്പോൾ ജീവനക്കാർ നേടിയത് ഒരു നാടിന്‍റെ മുഴുവൻ സ്നേഹം കൂടിയാണ്.

സാധാരണ നേതാക്കൾ ഒഴിവായി അണികൾ ചെയ്യുക എന്നതിൽ നിന്നും വ്യത്യസ്തമായി ക്ലീനിംഗ് ഉൾപ്പെടെ ചെയ്തുതീർത്തത് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസിയുടെ സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്‍റ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു. സാമ്പത്തികമായ ബുദ്ധിമുട്ട് ഉള്ളതിനാൽ വിവാഹ പന്തൽ ഒരുങ്ങിയത് കർമ്മ സേനയുടെ പ്രസിഡന്‍റ് ഷഫീർ ഖാന്‍റെ വീട്ടിലായിരുന്നു.

ഇനിയും ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കണമെന്നാണ് കർമ്മസേനയുടെ ആഗ്രഹം. നിർധനരായ രോഗികളെ ഡ്യൂട്ടി ഒഴിവുകളിൽ പരിപാലിക്കാൻ സഹായിക്കുംവിധമുള്ള ഒരു ആംബുലൻസാണ് തങ്ങളുടെ സ്വപ്നം എന്നും അവർ പറയുന്നു. ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിനോദ് വി, ജില്ലാ പ്രസിഡന്‍റ് ഷാജി പി എസ്, കർമ്മസേന പ്രസിഡന്‍റ് ഷഫീർ ഖാൻ ടി.എ, സെക്രട്ടറി ഷമീർ എ, യൂണിറ്റ് പ്രസിഡന്‍റുമാരായ അനുരാജ് ആർ, ബിജു എസ്,ബിജുപോൾ എന്നിവർ പങ്കെടുത്തു.