
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളുടെ ഭാഗമായുള്ള എന്റോള്‍മെന്റ് ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി രണ്ട് ദിവസം കൂടി നീട്ടാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതോടെ, ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 18-ല്‍ നിന്ന് ഡിസംബര്‍ 20-ലേക്ക് മാറി.
20 ലക്ഷം എന്റോള്‍മെന്റ് ഫോമുകള്‍ ഇനിയും തിരികെ ലഭിക്കാനുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ആവശ്യമെങ്കില്‍ സമയം ഇനിയും നീട്ടി നല്‍കുന്നത് പരിഗണിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കോടതിയെ അറിയിച്ചു.
ഇന്ന് ആരംഭിച്ച തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ തുടങ്ങാവൂ എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും തിരക്കിലായതിനാല്‍ എസ്.ഐ.ആര്‍. ഫോമുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 13-ന് അപ്പുറത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഇലക്ഷന്‍ കമ്മീഷനോട് ഇത് പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും, അവര്‍ ഫലം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡെപ്യൂട്ടേഷനിലാണെന്നും നേരത്തെ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.