കേരളവർമ്മയിൽ നടന്നത് ഇരുട്ടിന്‍റെ മറവിലെ വിപ്ലവ പ്രവർത്തനം: കെ.സി. വേണുഗോപാൽ എംപി

Jaihind Webdesk
Thursday, November 2, 2023

 

തിരുവനന്തപുരം: തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ജനാധിപത്യപരമായി ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കെഎസ്‌യു നേതാവ് ശ്രീക്കുട്ടന്‍റെ വിജയം ഇരുട്ടിന്‍റെ മറവിൽ എസ്എഫ്ഐ അട്ടിമറിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ജനാധിപത്യപരമായ പോരാട്ടത്തിൽ കേരളവർമ്മയിലെ യഥാർത്ഥ വിജയി ശ്രീക്കുട്ടൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീക്കുട്ടനെ ഫോണിൽ വിളിച്ച് പോരാട്ടത്തിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

കെ.സി. വേണുഗോപാൽ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളവർമ്മ കോളേജിന്റെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ജനാധിപത്യപരമായി വിജയിച്ചുകയറിയ ശ്രീക്കുട്ടന് ഹൃദയാഭിവാദ്യങ്ങൾ. വിധ്വംസക പ്രവർത്തനങ്ങൾ വഴി ജനാധിപത്യത്തെ അട്ടിമറിച്ച് നേടുന്ന വിജയങ്ങളല്ല അംഗീകരിക്കപ്പെടേണ്ടത്. കേരളവർമ്മയിലെ യഥാർത്ഥ വിജയി, അത് ശ്രീക്കുട്ടൻ തന്നെയാണ്.
ശ്രീക്കുട്ടനെ ഫോണിൽ വിളിച്ച് ഈ പോരാട്ടത്തിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.

വിജയം അംഗീകരിക്കാത്തവർ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിങ് ആവശ്യപ്പെടുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ ഇവിടെ സംഭവിച്ചത് അത് മാത്രമല്ല. ഇന്നലെ രാത്രിയിലെ നാടകം ഇങ്ങനെയാണ്. ശ്രീക്കുട്ടന്റെ ഒരു വോട്ടിനുള്ള വിജയം അംഗീകരിക്കാതിരുന്ന എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെടുന്നു. ശേഷം റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലയ്ക്കുന്നു. ആ സമയം കൊണ്ട് കെ.എസ്.യു വോട്ടുകൾ അസാധുവാകുന്നു, എസ്.എഫ്.ഐ വോട്ടുകൾ സാധുവാകുന്നു. ഇരുട്ടിന്റെ മറവിൽ നടന്ന ‘വിപ്ലവപ്രവർത്തനം’.

ഉന്നതരുടെ ഒത്താശയോടെ എസ്.എഫ്.ഐ നടത്തിയ ഫാസിസ്റ്റ് പ്രവർത്തനത്തിന് കോളേജിൽ നിന്നും ഔദ്യോഗികമായ പിന്തുണ ലഭിച്ചു എന്ന ആരോപണം വളരെ ഗൗരവതരമാണ്.

ഒട്ടേറെ പരിമിതികളിൽ നിന്നാണ് ശ്രീക്കുട്ടൻ തന്റെ പഠനം പൂർത്തീകരിക്കുന്നതും സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും. ശ്രീക്കുട്ടന്റെ കണ്ണിൽ മാത്രമാണ് വിധി നൽകിയ ഇരുട്ട് . മനസ്സിൽ നിറയെ വെളിച്ചമുള്ള പ്രിയപ്പെട്ടവനാണ് ആ ചെറുപ്പക്കാരൻ. ശ്രീക്കുട്ടൻ തന്നെയാണ് കോളേജ് യൂണിയനെ നയിക്കേണ്ടത്. അതിനാവശ്യമായ എല്ലാ നടപടികളും കെ എസ് യു നേതൃത്വം സ്വീകരിക്കും. എസ്.എഫ്.ഐയുടെ ഇരുട്ടിന്റെ മറവിലെ ‘അട്ടിമറി’ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കെ എസ് യു അറിയിച്ചിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ ഇന്നലെ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്ന പ്രിയപ്പെട്ട കെ.എസ്.യു പോരാളികൾക്ക് അഭിനന്ദനങ്ങൾ.