സണ്ണി ലിയോണിന്‍റെ ന‍ൃത്തപരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല വിസി

Jaihind Webdesk
Wednesday, June 12, 2024

 

തിരുവനന്തപുരം: കേരള സർവകലാശാല ക്യാമ്പസിൽ ഉള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിൽ നടത്താനിരുന്ന സണ്ണി ലിയോണിന്‍റെ പ്രോഗ്രാം തടഞ്ഞ് വിസി. ഡോ. മോഹനൻ കുന്നുമ്മൽ. ഇത് സംബന്ധിച്ച നിർദ്ദേശവും രജിസ്ട്രാർക് നൽകിയിട്ടുണ്ട്. ജൂലൈ അഞ്ചിനാണ് കേരള സർവകലാശാല ക്യാമ്പസിലെ എൻജിനീയറിംഗ് വിദ്യാർത്ഥികൾ കോളേജ് യൂണിയന്‍റെ നേതൃത്വത്തിൽ സണ്ണി ലിയോണിന്‍റെ പ്രോഗ്രാം നടത്താൻ തീരുമാനിച്ചിരുന്നത്. അതേസമയം പുറമെ നിന്നുള്ള പ്രോഗ്രാമിന് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല.

തിരുവനന്തപുരം ഗവ: എൻജിനീറിംഗ് കോളേജിലും, കഴിഞ്ഞവർഷം കുസാറ്റിലും വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിച്ച പരിപാടികളെ തുടർന്ന് വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു. പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ ക്യാമ്പസ്സിൽ നടത്തുന്നത് സർക്കാർ കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനിൽക്കവേയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിന്‍റെ പ്രോഗ്രാം നടക്കുവാൻ കേരളയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ സംഘടന തീരുമാനിച്ചത്. യാതൊരു കാരണവശാലും വിദ്യാർത്ഥികൾ ഇത്തരം പരിപാടികൾ ക്യാമ്പസിലോ പുറത്തോ യൂണിയന്‍റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വിസി. മോഹനൻ കുന്നുമ്മൽ.