കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചു; നിർദ്ദേശം വിസിയുടേത്

Jaihind Webdesk
Monday, March 11, 2024

തിരുവനന്തപുരം: എസ്എഫ്ഐ അതിക്രമവും കൂട്ട പരാതികളും ഉയർന്ന കേരള സർവകലാശാല യൂണിയൻ യുവജനോത്സവം നിർത്തിവെച്ചു. കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ വി സി രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. കൂട്ടപ്പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇനി മത്സരങ്ങളും  ഫലപ്രഖ്യാപനവും സമാപന സമ്മേളനവും നടത്താൻ പാടില്ലെന്നും വി സി നിർദ്ദേശം നൽകി.

മത്സര നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വളരെ വലിയ പരാതികളാണ് ഉയർന്നിരുന്നത്. ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കുമെന്നും അതിന് ശേഷം മാത്രമേ തീരുമാനം എടുക്കുവെന്നും അറിയിച്ചു. അതേസമയം  കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ കലോത്സവ വേദിയിൽ വ്യാപക അതിക്രമങ്ങൾ നടത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്എഫ്ഐ അതിക്രമത്തിന് വിധേയമായ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തതും വിവാദമായിരുന്നു.