Kerala University| രജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍കുമാറിന് ഓഫിസില്‍ കയറുന്നതിന് വിലക്ക് കേരള സര്‍വ്വകലാശാലയിലെ പ്രതിസന്ധി തുടരുന്നു

Jaihind News Bureau
Wednesday, July 9, 2025

ഗവര്‍ണര്‍ – സിന്‍ഡിക്കേറ്റ് പോരില്‍ കേരള സര്‍വ്വകലാശാലയിലെ അസാധാരണ പ്രതിസന്ധി തുടരുകയാണ്. വി സി സസ്‌പെന്‍ഡു ചെയ്ത രജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍കുമാര്‍ ഓഫിസില്‍ കയറരുതെന്നും ഔദ്യോഗിക ചുമതലകള്‍ വഹിക്കരുതെന്നും നിര്‍ദേശിച്ച് താല്‍ക്കാലിക വിസി സിസാ തോമസ് നോട്ടീസ് നല്‍കി.. വിലക്ക് ലംഘിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ തുടരുകയാണെന്നും വിസി ചൂണ്ടിക്കാട്ടി. ഇതു സൂചിപ്പിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സര്‍വകലാശാല ആസ്ഥാനം കയ്യേറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ ഡിജിപിക്കു വിസി പരാതി നല്‍കി. സംഭവത്തില്‍ അറസ്റ്റിലായ നേതാക്കളും പ്രവര്‍ത്തകരും റിമാന്‍ഡില്‍ ആയതിനെ തുടര്‍ന്ന് നാളെ എസ്എഫ്ഐ സംസ്ഥാന വ്യാപക പഠിപ്പു മുടക്കിന് ആഹ്വാനം നല്‍കി.നാളെ സര്‍വകലാശാലയിലേക്കും രാജ് ഭവനിലേക്കും മാര്‍ച്ച് നടത്തുമെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐയും എസ്എഫ്ഐക്ക് പിന്തുണയുമായി രംഗത്തെത്തി. അവധി കഴിഞ്ഞ് വിസി ഡോക്ടര്‍ മോഹനന്‍കുന്നുംമേല്‍ നാളെ സര്‍വകലാശാലയില്‍ തിരികെ പ്രവേശിക്കും.