സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ മാര്‍ക്കുലിസ്റ്റുകള്‍ പിടിച്ചെടുത്തു

Jaihind Webdesk
Friday, November 15, 2019

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്തു. പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയെ റെയ്ഡിലാണ് കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടികൂടിയത്. സര്‍വകലാശാലയുടെ സീലോടു കൂടിയ പൂരിപ്പിക്കാത്ത മാര്‍ക്കുലിസ്റ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്താന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തു നല്‍കാന്‍ ഒരുങ്ങുകയാണ് ഡിആര്‍ഐ അധികൃതര്‍.

750 കിലോ സ്വര്‍ണ്ണമാണ് വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും ചേര്‍ന്ന് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയതെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. ഡിആര്‍ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത സീലോടുകൂടിയ മാര്‍ക്കുലിസ്റ്റുകള്‍ കണ്ടെത്തിയ കാര്യം വിശദീകരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 14 നാണ് സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഡിആര്‍ഐ വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലുള്ള വീട് റെയ്ഡ് ചെയ്യുന്നത്. പൂരിപ്പിക്കാത്ത സീലോടു കൂടിയ ഏഴു മാര്‍ക്കുലിസ്റ്റുകളാണ് പിടിച്ചെടുത്തത്. മാര്‍ക്കുലിസ്റ്റ് എങ്ങനെ കിട്ടി എന്നതുസംബന്ധിച്ച് വിഷ്ണു വ്യക്തമായ വിവരം നല്‍കിയില്ല. പ്രാഥമിക അന്വേഷണത്തില്‍ മാര്‍ക്കുലിസ്റ്റുകള്‍ ഒറിജിനലാണെന്ന് വ്യക്തമായതായും റിപ്പോര്‍ട്ടില്‍ ഡിആര്‍ഐ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഡിആര്‍ഐ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുന്നത്.