കേരള സര്‍വകലാശാലയിലെ ബി.എ. ഇംഗ്ലീഷ് ഒന്നാം സെമസ്റ്റര്‍ സിലബസില്‍ ചാറ്റ് ജിപിടി ടൂള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കവിത ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഇടപെട്ടു. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനോട് വിസി ആവശ്യപ്പെട്ടു.
‘ഇംഗ്ലീഷ്, യുആര്‍എ ലാംഗ്വേജ്’ എന്ന കവിതയാണ് വിവാദത്തിന് വഴിവെച്ചത്. പാബ്ലോ നെരൂദയുടെ പേരിലാണ് ഈ കവിത സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, പരീക്ഷയ്ക്ക് ഈ കവിതയെ ആസ്പദമാക്കി ചോദ്യങ്ങള്‍ വന്നതോടെയാണ് അധ്യാപകര്‍ക്ക് സംശയം തോന്നിയത്. കവിതയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തിരഞ്ഞപ്പോള്‍ നെരൂദ ഇങ്ങനെയൊരു കവിത എഴുതിയിട്ടില്ലെന്നും ഇത് എ.ഐ. ജനറേറ്റഡ് കവിതയാണെന്നും കണ്ടെത്തുകയായിരുന്നു. നേരത്തെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് പരാതി ലഭിച്ചിരുന്നു.
ഇങ്ങനെയൊരു അബദ്ധം സിലബസില്‍ സംഭവിച്ചതെങ്ങനെയെന്ന് വിശദീകരിക്കണമെന്നാണ് വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, റാപ്പര്‍ വേടനെക്കുറിച്ചുള്ള ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ വിശദീകരണം നല്‍കണമെന്നും വിസി ആവശ്യപ്പെട്ടിട്ടുണ്ട്.