കേരളത്തില്‍ യുഡിഎഫ് തരംഗം; കോര്‍പ്പറേഷനുകളില്‍ വന്‍ മുന്നേറ്റം, എല്‍ഡിഎഫ് കുത്തക തകര്‍ത്തു

Jaihind News Bureau
Saturday, December 13, 2025

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കവേ സംസ്ഥാനത്തുടനീളം യുഡിഎഫിന് അനുകൂലമായി ശക്തമായ തരംഗം ആഞ്ഞടിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഒഴികെയുള്ള അഞ്ച് കോര്‍പ്പറേഷനുകളും തൂത്തുവാരിയ ഇടതുമുന്നണിക്ക് ഇത്തവണ കനത്ത പ്രഹരമാണ് ഏല്‍ക്കുന്നത്. പല കോര്‍പ്പറേഷനുകളിലും യുഡിഎഫ് അപ്രതീക്ഷിത ലീഡ് നേടി കുത്തക സീറ്റുകള്‍ പിടിച്ചെടുത്തു മുന്നേറുകയാണ്.

നിലവിലെ ഫലസൂചനകള്‍ പ്രകാരം കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുകയാണ്. എല്‍ഡിഎഫിന്റെ ഏറ്റവും വലിയ കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫ് മുന്നേറുന്നത് എല്‍ഡിഎഫിന് കനത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലും യുഡിഎഫിന്റെ വമ്പന്‍ തിരിച്ചുവരവാണ് കാണാന്‍ സാധിക്കുന്നത്. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് ആധിപത്യം ഉറപ്പിക്കുകയാണ്. 45 സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. എല്‍ഡിഎഫ് 28 സീറ്റുകളില്‍ ഒതുങ്ങുന്നത് തൃശ്ശൂരിലെ ഭരണമാറ്റം ഉറപ്പിക്കുന്നു. വടക്കന്‍ കേരളത്തിലെ സി.പി.എം. ശക്തികേന്ദ്രങ്ങളായ കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലും യുഡിഎഫ് ശക്തമായ മുന്നേറ്റം തുടരുകയാണ്. കോഴിക്കോട്ടെ അപ്രതീക്ഷിത ലീഡ് ഭരണവിരുദ്ധ വികാരമാണ് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എന്‍ഡിഎ ചില വാര്‍ഡുകളില്‍ നേട്ടം കൈവരിക്കുന്നത് മാത്രമാണ് യുഡിഎഫിന്റെ സംസ്ഥാനതല മുന്നേറ്റത്തില്‍ അല്പം മങ്ങലേല്‍പ്പിക്കുന്നത്. എന്നാല്‍, മറ്റ് പ്രധാന നഗരങ്ങളിലെല്ലാം യുഡിഎഫിനുണ്ടായ വന്‍ മുന്നേറ്റം കേരളത്തില്‍ ഭരണമാറ്റത്തിന്റെ സൂചനകളാണ് നല്‍കുന്നത്.

പ്രധാന കോര്‍പ്പറേഷനുകളിലെ എല്‍ഡിഎഫ് കുത്തക തകര്‍ത്ത് യുഡിഎഫ് നേടിയ മുന്നേറ്റം കേരളത്തിലെ രാഷ്ട്രീയ ചിത്രം മാറുന്നതിന്റെ സൂചനയായി കണക്കാക്കാം. ഭരണപക്ഷത്തിനെതിരായ ജനവികാരം പ്രതിഫലിക്കുന്ന ജനവിധിയാണ് പുറത്തുവരുന്നതെന്നാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്. സംസ്ഥാനത്തെ അഞ്ചില്‍ നാല് കോര്‍പ്പറേഷനുകളിലെ യുഡിഎഫ് മുന്നേറ്റം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.