റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധന സംസ്ഥാനത്ത് ഇന്ന് ആരംഭിക്കും; കിറ്റുകൾ എത്തിച്ചത് ശശി തരൂർ എം പി

Jaihind News Bureau
Saturday, April 4, 2020

സംസ്ഥാനത്ത് റാപ്പിഡ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. കോവിഡ് 19 ബാധിച്ച രോഗി മരിച്ച പോത്തൻകോടാണ് ആദ്യ പരിശോധനകൾ നടക്കുക. ശശി തരൂർ എം പിയാണ് കിറ്റുകൾ എത്തിച്ചത്.

രണ്ടര മണിക്കൂറിനകം കൊവിഡ് 19 രോഗബാധ കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റിന്‍റെ ആദ്യ ബാച്ചായി ആയിരം കിറ്റുകളാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത്. രണ്ടായിരം കിറ്റുകള്‍ കൂടി നാളെ എത്തും. ശശി തരൂര്‍ എംപിയുടെ ഫണ്ടില്‍ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങി എത്തിക്കുന്നത്. കൂടാതെ ഒരു കോടി രൂപ ചെലവിട്ട് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നും എംപി പറയുന്നു. ഐസിഎംആര്‍ അംഗീകാരം ലഭിച്ച പൂനെയിലെ ‘മൈ ലാബ്’ എന്ന കമ്പനിയാണ് കിറ്റുകള്‍ തയാറാക്കിയത്. കിറ്റുകള്‍ എത്തിച്ച എംപിയെ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പേരെടുത്ത് അഭിനന്ദിച്ചിരുന്നു.

കൊവി‍ഡ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച പോത്തന്‍കോടായിരിക്കും റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന. അതേസമയം, സംസ്ഥാനത്ത് നിയമം ലംഘനം തടയാനുള്ള കർശന പരിശോധനകൾ തുടരുകയാണ്. ഇന്നലെ മാത്രം നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് 1949 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടികൾ അധിക നിയന്ത്രണത്തിൽ ഇളവ് വരുത്തിയിട്ടിട്ടുണ്ടെങ്കിലും പോത്തൻകോടും പരിശോധന കർശനമാണ്.