ലോക്ക് ഡൗൺ : കേന്ദ്ര മാർഗനിർദേശങ്ങൾ കർശനമായി പാലിക്കും; ഹോട്ട്സ്പോട്ടുകളായി ജില്ലകള്‍ക്കുപകരം മേഖലകള്‍, രോഗവ്യാപന തോതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാലാക്കും

Jaihind News Bureau
Thursday, April 16, 2020

ലോക്ക് ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കും. വിവിധമേഖലകൾക്ക് പിന്നീട് ഇളവുനൽകുമെന്നും ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. കയർ, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ മേഖലകൾക്കാണ് ഇളവ് നൽകുക. ഈ മാസം 20ന് ശേഷമായിരിക്കും കേന്ദ്ര നിർദേശങ്ങള്‍ക്കനുസരിച്ച് ഇളവ് അനുവദിക്കുക.20വരെ ഇപ്പോഴത്തെ നിയന്ത്രണം തുടരും. എന്നാല്‍ സാലറി ചാലഞ്ചിന്‍റെ കാര്യത്തിൽ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കൊവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകൾ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദേശിക്കാനും തീരുമാനമായി. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണിൽ. വയനാടും, കോട്ടയവും ഗ്രീൻ സോണാക്കണമെന്നും മറ്റു ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.

സംസ്ഥാനത്തെ രോഗവ്യാപന തോതിന്‍റെ അടിസ്ഥാനത്തില്‍ നാലാക്കും. ഹോട്ട്സ്പോട്ടുകളായി ജില്ലകള്‍ക്കുപകരം മേഖലകളായി തിരിക്കും. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടും.

1. കടുത്ത നിയന്ത്രണവുമായി അതിതീവ്രമേഖല: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം

2. ഭാഗിക ഇളവ് ഏപ്രില്‍ 24നു ശേഷം: പത്തനംതിട്ട, കൊല്ലം, എറണാകുളം

3. ഭാഗികമായി ജനജീവിതം അനുവദിക്കാം: ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്

4. പൂര്‍ണ ഇളവ്: കോട്ടയം, ഇടുക്കി

കൂടാതെ, ശുചീകരണത്തിനായി എല്ലാ കടകളും ഒരു ദിവസം തുറക്കാന്‍ അനുമതി നല്‍കി. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു റിപ്പോർട്ട് തേടി.