വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങളുടെ 64 സംവത്സരങ്ങൾ ; സമരപാതകളിൽ വീറോടെ കെ.എസ്.യു

Jaihind Webdesk
Sunday, May 30, 2021

തിരുവനന്തപുരം: ഇന്ന് കെ.എസ്.യു സ്ഥാപക ദിനം. വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങളുടെ 64 സംവത്സരങ്ങൾ പിന്നിടുന്ന കേരള വിദ്യാർത്ഥി യൂണിയന് സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം ഒരു തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ നിഴലിൽ നിൽക്കുമ്പോൾ കെ.എസ്.യുവിന്റെ ചരിത്രം പുതിയ പ്രഭാതങ്ങളുടെ പ്രതീക്ഷാ കിരണങ്ങൾ നൽകുന്നതാണ്. 1967 ലെ തിരഞ്ഞെടുപ്പിൽ കേവലം 9 സീറ്റുകളിൽ ഒതുങ്ങിയ കോൺഗ്രസിനെ മൂന്ന് വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ എത്തിച്ചത് കെ.എസ്.യുവിന്റെ സമരവും സഹനവുമായിരുന്നു.

കേരള വിദ്യാർത്ഥി യൂണിയൻ എന്ന കെ.എസ്.യുവിന്റെ ചരിത്രം കേരള രാഷ്ട്രീയത്തിന്റെ കണ്ണാടി തന്നെയാണ്. ഇന്നത്തെ കേരളത്തിലെ കോൺഗ്രസ് നേതൃനിരയാകെ കെ.എസ്.യുവിലൂടെ വളർന്ന് വന്നവരാണ്. 1957 മെയ് 30 ന് ആലപ്പുഴയിലെ നാഷ്ണൽ ടൂറിസ്റ്റ് ഹോമിൽ ഒരു സംഘം വിദ്യാർത്ഥികൾ യോഗം ചേർന്ന് രൂപം കൊടുത്ത സംഘടനയാണ് പിന്നീട് കേരളമാകെ വളർന്ന് പന്തലിച്ചത്. ജോർജ് തരകനായിരുന്നു ആദ്യ പ്രസിഡന്റ്. വയലാർ രവി ജനറൽ സെക്രട്ടറിയും.

ഒരണ സമരത്തിലൂടെയാണ് കെ.എസ്.യു കേരള രാഷ്ട്രീയത്തിൽ വരവറിയിക്കുന്നത്. വെളുത്തുള്ളിക്കായൽ സമരം, എറണാകുളം ബോട്ട് ജെട്ടിയിലെ പ്രക്ഷോഭം, ഫീസേകീകരണ സമരം, ഡീറ്റെൻഷൻ സമരം, ഭാരത രത്നാ സമരം, വിദ്യാഭ്യാസ കച്ചവടക്കാർക്കെതിരെയുള്ള സന്ധിയില്ലാ പ്രക്ഷോഭങ്ങൾ.. തുടങ്ങിയ  എണ്ണമറ്റ പോരാട്ടങ്ങളിലൂടെ കെ.എസ്.യു കേരളീയ പൊതു സമൂഹത്തിൽ ആഴത്തിൽ വേരു പടർത്തി. സർവകലാശാല യൂണിയനുകളുടെ രൂപീകരണം, സെനറ്റിലും സിൻഡിക്കേറ്റിലും വരെ വിദ്യാർത്ഥി പ്രാതിനിധ്യം ഇതെല്ലം കെ.എസ് യു നേടിയെടുത്തതാണ്. എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും കേരളത്തിന്റെ മുഖ്യമന്ത്രിമാരായത് കെ.എസ് യു പ്രസ്ഥാനത്തിന്റെ പടവുകൾ ചവിട്ടിയാണ്. മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും കെ.സുധാകരനും വി.ഡി സതീശനും എം.എം ഹസനും തുടങ്ങി ഇന്ന് കേരളത്തിലെ കോൺഗ്രസിലെ മുൻ നിര നേതൃസമ്പത്താകെ ഈ പ്രസ്ഥാനത്തിന്റെ സംഭാവനയാണെന്ന് കൂടി ചേർത്ത് വെയ്ക്കണം.

പിറവിയെടുത്ത് ആറര പതിറ്റാണ്ടോട് അടുക്കുമ്പോഴും കെ.എസ്.യുവിന്റെ സമരപാതകളിൽ ഇപ്പോഴും തളരാത്ത പോരാട്ടവീര്യത്തിന്റെ തീയാളുന്നു. സർഗവഴികളിൽ വസന്തം വിരുന്നിനെത്തുന്നു. ദീപശിഖാങ്കിത നീല പതാക വാനിൽ ഉയർത്തി പിടിക്കാൻ വരും തലമുറ കാത്തു നിൽക്കുമ്പോൾ ഈ പ്രസ്ഥാനം തകരില്ല.. തളരില്ല…