ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയില്‍ കടുത്ത പ്രതിഷേധവുമായി കേരളം

Jaihind Webdesk
Saturday, December 14, 2024


തിരുവനന്തപുരം: വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയില്‍ കടുത്ത പ്രതിഷേധവുമായി കേരളം. തുക ഒഴിവാക്കിത്തരാന്‍ കേന്ദ്രത്തിന് സംസ്ഥാനം കത്തയക്കും. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രതിരോധമായി പ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് വരാനും സര്‍ക്കാര്‍ നീക്കമുണ്ട്.

ദുരന്തമുണ്ടായാല്‍ സൈന്യത്തിന്റെ സേവനം തേടും. തുക അതാത് സംസ്ഥാനങ്ങള്‍ ദുരന്ത നിവാരണ നിധിയില്‍ നിന്ന് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. 2019 ലെ പ്രളയകാലം മുതല്‍ വയനാട് ദുരന്തത്തില്‍ പെട്ടവരെ എയര്‍ലിഫ്റ്റ് ചെയ്തതിന് വരെ ചെലവായ തുകയാണ് 132 കോടി 62 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതില്‍ വയനാടിന് മാത്രമുണ്ട് 69 കോടി 65 ലക്ഷം രൂപ.

എന്നാല്‍ ഉരുള്‍പ്പൊട്ടല്‍ ദുരിതാശ്വാസത്തിന് നല്‍കിയ വിശദമായ മെമ്മോറാണ്ടങ്ങളിലൊന്നില്‍ പോലും കേന്ദ്രം ഇതുവരെ അനുഭാവം കാണിക്കാത്തതില്‍ കൂടിയാണ് കേരളത്തിന്റെ പ്രതിഷേധം.

വിവിധ സേനകളുടെ ധനാകാര്യ വിഭാഗം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചെലവിന്റെ ബില്ല് നല്‍കുന്നത് ചട്ടപ്രകാരം എന്നാണ് കേന്ദ്ര വിശദീകരണം.