ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ച ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് മീറ്റില്‍ (AIM) കേരളം പരിപാടിയുടെ പ്രധാന സ്‌പോണ്‍സറാണെന്ന് സംഘാടകര്‍. അബുദാബിയില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന നിക്ഷേപ സംഗമത്തെ കുറിച്ച് ശനിയാഴ്ച (മെയ് 6) പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് മറ്റു സ്‌പോണ്‍സേഴ്‌സിന്‍റെ പട്ടികയില്‍ കേരളവും ഇടം നേടിയത്. ഇതോടെ കേരളം സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന ആരോപണം ശക്തമാകുകയാണ്. അതേസമയം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അനുമതി നല്‍കിയിരുന്നില്ല.
യുഎഇ തലസ്ഥനമായ അബുദാബിയില്‍ മെയ് എട്ടു മുതല്‍ പത്തു വരെയാണ് ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് മീറ്റ് നടക്കുന്നത്. ഈ പരിപാടിയുടെ സ്‌പോണ്‍സേഴ്‌സിന്‍റെ പൂര്‍ണ്ണമായ പേരും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുത്തിയാണ് സംഘാടകര്‍ വാര്‍ത്താക്കുറിപ്പ് തയാറാക്കിയത്. ഇപ്രകാരം 2023 ലെ സമ്മേളനത്തില്‍ കേരളം സ്‌പോണ്‍സറാണെന്നും ഇതേക്കുറിച്ച് കേരള സംസ്ഥാന വ്യവസായ – വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐഎഎസിന്‍റെ പ്രസ്താവനും വാര്‍ത്താക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ട്രാജറ്റിക് പാര്‍ട്‌ണേഴ്‌സ്, ഗോള്‍ഡ് സ്‌പോണ്‍സേഴ്‌സ് എന്നീ വിവിധ വിഭാഗങ്ങളിലായി വേറെയും പ്രായോജകരുണ്ട്.
കേരളം ലാഭത്തേക്കാള്‍ പ്രകൃതിക്കും ജനങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കിയിട്ടുള്ളതെന്ന് എസ് ഹരികിഷോറിനെ ഉദ്ധരിച്ച് ഇതോടൊപ്പമുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യാന്തര തലത്തിലേക്ക് കേരളത്തിന്‍റെ വ്യവസായ മേഖല നടന്നു തുടങ്ങിയിരിക്കുന്നു. ലോകവുമായി നല്ലരീതിയില്‍ കേരളത്തെ ബന്ധിപ്പിച്ചിരിക്കുന്നു. ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ സംസ്ഥാനത്തിന്‍റെ മുതല്‍ക്കൂട്ടാണ്. ടൂറിസവും വിജ്ഞാന വ്യവസായങ്ങളും കേരളത്തിലേക്ക് ഉത്തരവാദിത്തമുള്ള നിക്ഷേപം കൊണ്ടുവരികയാണെന്നും എസ് ഹരികിഷോറിനെ ഉദ്ധരിച്ചുള്ള വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
അതേസമയം കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി നഷ്ടപ്പെട്ടതോടെ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും ഈ നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല. എങ്കിലും ചീഫ് സെക്രട്ടറും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഇതില്‍ പങ്കെടുക്കും. ചൊവ്വാഴ്ചയാണ് കേരളത്തിന്‍റെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി. അതേസമയം മുഖ്യമന്ത്രി പിണറായിയുടെ യുഎഇ സന്ദര്‍ശനം കേന്ദ്രാനുമതി നിഷേധിച്ചതോടെ വാര്‍ത്തകളില്‍ നിറയുമ്പോഴാണ് കേരളം സംസ്ഥാനം ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് മീറ്റില്‍ സ്‌പോണ്‍സര്‍ ആണെന്ന ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തുവന്നത്.