ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോഡ് പോളിംഗ് – 77.68 %

Jaihind Webdesk
Wednesday, April 24, 2019

17ആം ലോക്‌സഭയിലേക്കുളള തെരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച പോളിംഗ് രേഖപെടുത്തി. സംസ്ഥാനത്ത് പോളിങ് 77 ശതമാനം കടന്നു.  2014 ലെ 74.02 ശതമാനം മറികടന്നു. ഏറ്റവും കൂടുതൽ പോളിങ് കണ്ണൂരിൽ രണ്ടാമത് വടകര.  8 മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ പോളിങ്.

ശക്തമായ ത്രികോണപ്പോരാട്ടം കണ്ട നാല് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയർന്നു. നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം കണ്ണൂരും, കുറവ് തിരുവനന്തപുരത്തുമാണ്. പോളിംഗിനിടെ 9 പേർ കുഴഞ്ഞു വീണു മരിച്ചു. വാശിയേറിയ പ്രചാരണത്തിൻറെ ആവേശം വോട്ടെടുപ്പ് ദിനത്തിലും പ്രതിഫലിച്ചപ്പോൾ കേരളത്തിലുണ്ടായത് കനത്ത പോളിംഗാണ്. പോളിംഗ് മന്ദഗതിയിൽ നീങ്ങിയതിൽ പലയിടത്തും പ്രതിഷേധമുയർന്നു. പോളിംഗ് അവസാനിക്കേണ്ട 6 മണിക്കും പല ബൂത്തുകളിലും നൂറിലേറെ പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ കാത്തുനിന്നത്.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയിലേക്കുയർന്ന വയനാട്, പോളിംഗ് ദിനത്തിലും വിവിഐപിയായി. വൈകീട്ട് മൂന്ന് മണിക്ക് ശേഷം ബത്തേരിയിലും കൽപറ്റയിലും കനത്ത മഴ പെയ്‌തെങ്കിലും പോളിംഗ് ബൂത്തുകളിലേക്ക് വോട്ടർമാരുടെ ഒഴുക്ക് നിലച്ചില്ല. മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിൽ വയനാട്ടിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയിൽ ഇക്കുറി ത്രികോണപ്പോരാട്ടമാണ് നടന്നത്. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനമായ 65.67 നാല് മണിയോടെ പത്തനംതിട്ട മറികടന്നു.

തിരുവനന്തപുരത്ത് കണ്ടത് റെക്കോർഡ് പോളിംഗ് ആണ്. വോട്ടിംഗ് യന്ത്രത്തിലെ തകരാറിനെ ചൊല്ലിയുള്ള വിവാദം ആദ്യ മണിക്കൂറുകളിൽ ഉദ്വേഗം ഉണർത്തിയ തലസ്ഥാനത്ത്, അഞ്ച് മണിയോടെ കഴിഞ്ഞ തവണത്തെ 68 ശതമാനത്തിൻറെ കണക്ക് അപ്രസക്തമായി.

തീരദേശമേഖലയിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. മൂന്ന് മുന്നണികളും വാശിയോടെ പ്രചാരണം നടത്തിയ പാലക്കാട്ടും തൃശ്ശൂരും പോളിംഗ് ശതമാനം ഉയർന്നു തന്നെ നിന്നു. കഴിഞ്ഞ തവണ 80 ശതമാനം കടന്ന കണ്ണൂർ, വടകര മണ്ഡലങ്ങളിൽ ഇക്കുറിയും വോട്ടർമാർ കൂട്ടമായി ബൂത്തുകളിലെത്തി

മധ്യകേരളത്തിൽ ചാലക്കുടിയിലാണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. പതിവിന് വിപരീതമായി നഗരമേഖലകളിലും ആവേശം പ്രകടമായപ്പോൾ എറണാകുളത്തും പോളിംഗ് ശതമാനം 70 കടന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 74.02 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിംഗ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനവും.