63-ആമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് മാങ്ങാട്ടുപറമ്പ് സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടക്കമായി. 14 ജില്ലകളിൽനിന്നായി രണ്ടായിരത്തോളം പ്രതിഭകൾ വേഗത്തിന്റെയും ഉയരത്തിന്റെയും ദൂരത്തിന്റെയും പുതിയ ചക്രവാളങ്ങൾ കീഴടക്കാൻ മറ്റൊരുക്കുകയാണ്. വൈകിട്ട് 3.30ന് മന്ത്രി ഇ.പി.ജയരാജൻ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കണ്ണൂർ ആതിഥ്യമരുളുന്നത്. രാവിലെ ഒൻപതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാകയു ഉയർത്തുന്നതോടെ 63-ആമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഔദ്യോഗിക വിസിൽ മുഴങ്ങും. രാവിലെ ഏഴിനുതന്നെ മത്സരങ്ങൾ ആരംഭിച്ചു. ഹീറ്റ്സ് മത്സരങ്ങളുൾപ്പെടെ 30 മത്സരങ്ങളാണ് ഒന്നാംദിനം പുരോഗണിക്കുന്നത്. സബ് ജൂനിയർ, ജൂനിയർ ആൺ/പെൺ 400 മീറ്റർ ഹീറ്റ്സ് മത്സരങ്ങളും ജാവലിൻത്രോയുമാണ് നടക്കുക.
ഉച്ചക്ക് നടക്കുന്ന ചടങ്ങിൽ കായിക മന്ത്രി ഇ.പി ജയരാജൻ മേളയുടെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിക്കും. അത്ലറ്റ് ടിന്റു ലൂക്ക ദീപ ശിഖ തെളിയിക്കും. 400 മീറ്ററുളള എട്ട് ട്രാക്കുകളാണ് സ്റ്റേഡിയത്തിലുളളത്. ട്രാക്കിനോട് ചേർന്ന് 600 പേർക്ക് ഇരിക്കാവുന്ന ചെറിയ പവലിയനൊപ്പം രണ്ട് താത്ക്കാലിക ഗാലറികളും ഒരുക്കിയിട്ടുണ്ട്. ഹാമർ ത്രോ, ഷോട്ട് പുട്ട്, ജാവലിൻ ത്രോ തുടങ്ങിയവക്കായി ട്രാക്കിന് നടുവിൽ 105 മീറ്റർ നീളത്തിൽ ത്രോ ഫീൽഡും സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ കായികോത്സവത്തിനായി എത്തിയ ടീമുകളെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകിയിരുന്നു.