ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്; അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടത്തില്‍ നടത്താന്‍ ധാരണ

Jaihind News Bureau
Friday, November 14, 2025

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായി പരീക്ഷ നടത്താന്‍ നേരത്തെ ആലോചനയുണ്ടായിരുന്നുവെങ്കിലും, അവധിക്ക് മുമ്പും ശേഷവുമായുള്ള പരീക്ഷ വിദ്യാര്‍ഥികളില്‍ മാനസികസമ്മര്‍ദം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഒറ്റഘട്ടമായി പരീക്ഷ നടത്താനുള്ള തീരുമാനത്തിലേക്ക് നീങ്ങിയത്.

ഡിസംബര്‍ 15-ന് പരീക്ഷകള്‍ തുടങ്ങി ഡിസംബര്‍ 23-ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്ന അതേ ദിവസം തന്നെ സ്‌കൂളുകള്‍ ക്രിസ്മസ് അവധിക്കായി അടയ്ക്കും. അവധിക്ക് ശേഷം ജനുവരി അഞ്ചിനാകും സ്‌കൂളുകള്‍ തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിന് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ക്രിസ്മസ് അവധി പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള ധാരണകള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കൈക്കൊണ്ടത്. വിഷയത്തില്‍ അന്തിമ തീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തില്‍ എടുത്ത ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.