പാളത്തിൽ ഓടുന്നത് ട്രെയിനല്ല, വെറും ‘പി.ആർ’ വണ്ടികൾ; ഇതൊക്കെ പാളം തെറ്റുന്ന വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ടുകളോ?

Jaihind News Bureau
Saturday, January 31, 2026

സംസ്ഥാന സര്‍ക്കാരിന്റെ പെട്ടിയില്‍ നിന്ന് അടുത്ത അത്ഭുതം പുറത്തുവന്നിരിക്കുകയാണ്-തിരുവനന്തപുരം-കാസര്‍കോട് ആര്‍ആര്‍ടിഎസ്. കെ-റെയിലിന്റെ കുറ്റിയടിച്ച് തഴമ്പിച്ച കൈകള്‍ക്ക് ഇപ്പോള്‍ പുതിയൊരു കളിപ്പാട്ടം കിട്ടിയ ആവേശമാണ്. എന്നാല്‍ ‘ഇതൊന്നും ഇവിടെ നടപ്പില്ല സാറേ’ എന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പച്ചയ്ക്ക് പറഞ്ഞതോടെ, സര്‍ക്കാരിന്റെ അതിവേഗ സ്വപ്നങ്ങള്‍ക്ക് മുകളില്‍ മെട്രോയുടെ വേഗതയില്‍ മഞ്ഞുവെള്ളം വീണിരിക്കുകയാണ്. പണം പാഴാക്കാനുള്ള പുതിയ വഴി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. പണ്ട് ശ്രീധരനെ ‘വികസന നായകന്‍’ എന്ന് വിളിച്ചവര്‍ക്ക് ഇപ്പോള്‍ അദ്ദേഹം ‘വികസന വിരോധി’ ആയി മാറിയത് കാലത്തിന്റെ കാവ്യനീതിയാകാം. പദ്ധതി കൊള്ളാം, പക്ഷെ പാരിസ്ഥിതിക പഠനവും പ്രാരംഭ പരിശോധനയും ഒക്കെ എവിടെ?’ എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യത്തിന് മുന്നില്‍ സര്‍ക്കാരിന്റെ ‘അതിവേഗ വണ്ടി’ ഇപ്പോള്‍ ഒരു വശത്ത് സൈഡ് ആക്കിയിട്ടിരിക്കുകയാണ്.

പണ്ട് ഇ. ശ്രീധരന് വേണ്ടി മുദ്രാവാക്യം വിളിച്ചു തെരുവില്‍ ഇറങ്ങിയവര്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറയുന്നതിലെ ‘രാഷ്ട്രീയ ലജ്ജയില്ലായ്മയെ’ അദ്ദേഹം കണക്കിന് പരിഹസിച്ചു. സംഗതി വ്യക്തമാണ്, തിരഞ്ഞെടുപ്പ് അടുത്തതോടെ പാളത്തില്‍ ഓടുന്നത് ട്രെയിനല്ല, മറിച്ച് സര്‍ക്കാരിന്റെ വമ്പന്‍ ‘പി.ആര്‍. സ്തംഭങ്ങളാണ്’. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയും പിടിപ്പുകേടും മൂടിവെക്കാന്‍ ഇത്തരം ‘അതിവേഗ സ്റ്റണ്ടുകള്‍’ പടച്ചുവിടുന്നത് ഇപ്പോള്‍ സ്ഥിരം കലാപരിപാടിയായി മാറിയിരിക്കുകയാണ്. പാളം തെറ്റിയ ട്രെയിനുകള്‍ പോലെ ഈ പ്രഖ്യാപനങ്ങളും എങ്ങും എത്താതെ വീണുടയുമെന്നും, ഇടയില്‍ പെട്ടുപോകുന്നത് പാവം ജനങ്ങളാണെന്നും ഉള്ള നഗ്‌നസത്യം പരിഹാസത്തിന്റെ പുതിയ പാളത്തിലൂടെ വീണ്ടും ചര്‍ച്ചയാവുകയാണ്.