കേരളം വിധിയെഴുതി ; സംസ്ഥാനത്ത് ഭരണമാറ്റത്തിന്‍റെ കാറ്റ് ; കൂട്ടിയും കിഴിച്ചും മുന്നണികള്‍

Jaihind Webdesk
Tuesday, April 6, 2021

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. സർക്കാരിന് എതിരെ ഉള്ള ജനവികാരം ശക്തമായി പ്രതിഫലിച്ചുവെന്നാണ് യു.ഡി.എഫിൻ്റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നാണ് യു.ഡി.എഫിൻ്റെ കണക്കുകൂട്ടൽ.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. ആവേശത്തോടെ ജനം ബൂത്തിലെത്തിയത് പിണറായി സർക്കാരിന് മറുപടി നൽകാനാണെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. അവരുടെ പ്രസ്താവനകളും തിരിച്ചുവരവിൻ്റെ ആത്മവിശ്വാസം സൂചിപ്പിക്കുന്നു.

വോട്ടർമാർക്കിടയിൽ നിശബ്ദമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർക്കിടയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി ഉണ്ടായ വനിതാ പ്രാതിനിധ്യം വോട്ടായി മാറി എന്നും യു.ഡി.എഫ് വിശ്വസിക്കുന്നു. കേരളം ആകെ ഒരു മാറ്റത്തിനായി വോട്ട് ചെയ്തുവെന്നാണ് യു.ഡി.എഫിൻ്റെ വിലയിരുത്തൽ. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംസ്ഥാനത്ത് സജീവമായി പ്രചാരണത്തിനിറങ്ങിയതിലൂടെ വലിയ ഒരു യുഡിഎഫ് അനുകൂല തരംഗമാണ് ഉണ്ടായത്. വോട്ടെടുപ്പ് ദിവസം ശബരിമല വിഷയം ചർച്ചായതോടെ വിശ്വാസത്തെക്കുറിച്ച് ഇടതുനേതാക്കൾക്ക് വരെ പ്രതികരിക്കേണ്ടിവന്നു. വോട്ടിനുവേണ്ടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മലക്കം മറിഞ്ഞ് വിശ്വാസികളുടെ വക്താക്കളായി മാറുന്ന പരിഹാസ്യമായ കാഴ്ചയും കേരളം കണ്ടു. തെരഞ്ഞടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടാമായി ശബരിമല വിഷയം മാറിയത് ഇടതുമുന്നണിക്ക് തിരിച്ചടിയായി. ഇക്കാര്യത്തിൽ തെരഞ്ഞടുപ്പ് കമ്മീഷന് സി.പി.എം പരാതി നല്‍കിയത് തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകൂർ ജാമ്യമാണെന്നാണ് പ്രതിപക്ഷം ചുണ്ടിക്കാട്ടുന്നു.

ആഴക്കടൽ മത്സ്യബന്ധനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ജനങ്ങൾ സർക്കാരിന് എതിരെ വോട്ട് ചെയ്തുവെന്നാണ് തീരദേശ മേഖലയിലെ കനത്ത വോട്ടിംഗ് സൂചിപ്പിക്കുന്നത്. വോട്ടിംഗ് അവസാനിച്ചിപ്പോൾ തുടർഭരണം എന്ന സ്വപ്നം നടക്കില്ല എന്ന യഥാർത്ഥ്യത്തിലേക്ക് ഇടതുമുന്നണി എത്തിക്കഴിഞ്ഞു. ബി.ജെ.പി യാകട്ടെ നേമം നിലനിർത്താൻ കഴിയുമോ എന്ന ആശങ്കയിലുമാണ്.