തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിയെന്ന് കേരള പൊലീസ്. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പെട്രോളിംഗും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ക്കായി പ്രത്യേക ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും കേരള പൊലീസ് അറിയിച്ചു.
പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് വിശദീകരിച്ചു. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസ പ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹന പരിശോധനയിലൂടെയും തടയുമെന്നും പൊലീസ് അറിയിച്ചു.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷ ഉറപ്പാക്കും. മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിംഗുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പൊലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതെസമയം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112 ല്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും നിര്‍ദേശം നല്‍കി.