ആനക്കൊമ്പ് കാണുമ്പോള്‍ അന്വേഷിക്കേണ്ടതല്ലേ? മോന്‍സണ് സുരക്ഷ ഒരുക്കിയത് എന്തടിസ്ഥാനത്തില്‍? ; പൊലീസ് മറുപടി പറയണമെന്ന് ഹൈക്കോടതി

Jaihind Webdesk
Tuesday, October 5, 2021

കൊച്ചി : എന്തടിസ്ഥാനത്തിലാണ് മോന്‍സണ് പൊലീസ് സംരക്ഷണം നല്‍കിയതെന്ന് ഹൈക്കോടതി. മോൻസന്‍റെ വീട്ടിൽ ആനക്കൊമ്പ് കാണുമ്പോള്‍ അതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കേണ്ടതല്ലേ എന്നുചോദിച്ച കോടതി, എന്തുകൊണ്ട് നേരത്തെ ഇയാളെക്കുറിച്ച് അന്വേഷിച്ചില്ല എന്നറിയിക്കാൻ ഡിജിപിക്ക് നിര്‍ദേശം നൽകുകയും ചെയ്തു. ഇക്കാര്യങ്ങളിൽ ഒക്ടോബർ 26-നകം റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.

തട്ടിപ്പുകാരനായ മോൻസൺ മാവുങ്കലിന് എന്ത് അടിസ്ഥാനത്തിലാണ് പോലീസ് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി. ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നതെന്നും ഇതെല്ലാം പരിശോധിക്കാൻ എന്തുകൊണ്ട് പൊലീസ് തയാറായില്ലെന്നും ഹൈക്കോടതി ചോദിച്ചു. മോൻസൺ മാവുങ്കലിന്‍റെ മുൻ ഡ്രൈവറായിരുന്ന അജിത് തന്നെ പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ചും, തനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടും സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് പൊലീസിനെതിരേ ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. ഏത് സാഹചര്യത്തിലാണ് മോൻസന്‍റെ വീടിന് പുറത്ത് പൊലീസ് സംരക്ഷണം ഒരുക്കിയതെന്നും കോടതി ചോദിച്ചു.

വിലപിടിപ്പുള്ള വസ്തുക്കൾ അകത്തുണ്ടെന്നാണ് മോൻസൺ പറഞ്ഞിരുന്നത്. ഇപ്പോൾ അതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നത്. ആനക്കൊമ്പടക്കം വീട്ടിലുണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതിലെ യാഥാർത്ഥ്യം കണ്ടെത്താനോ ഇതുസംബന്ധിച്ച് പരിശോധന നടത്താനോ എന്തുകൊണ്ട് പൊലീസ് തയാറായില്ലെന്നും പൊലീസും ഇന്‍റലിജൻസും എവിടെയായിരുന്നു എന്നും കോടതി ചോദിച്ചു. മോന്‍സനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പൊലീസുകാര്‍ ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് ഈ നിയമലംഘനങ്ങള്‍ കണ്ടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

മോൻസന്‍റെ വീട്ടിൽ ആനക്കൊമ്പ് കാണുമ്പോള്‍ അതിനെകുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്ന് ചോദിച്ച കോടതി എന്തുകൊണ്ട് നേരത്തെ ഇയാളെക്കുറിച്ച് അന്വേഷിച്ചില്ല എന്ന് അറിയിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നൽകുകയും ചെയ്തു. ഒട്ടേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായ കേസില്‍ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമാകുമോയെന്നും കോടതി ചോദിച്ചു. മോന്‍സണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പൊലീസുകാര്‍ ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് ഈ നിയമലംഘനങ്ങള്‍ കണ്ടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഇക്കാര്യങ്ങളിൽ ഒക്ടോബർ 26-നകം റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി.