
കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഗര്‍ഭിണിയെ മര്‍ദിച്ച സംഭവത്തില്‍ മുന്‍ എസ്എച്ച്ഒ പ്രതാപചന്ദ്രനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. നിലവില്‍ അരൂര്‍ എസ്എച്ച്ഒ ആയ ഇയാള്‍ക്കെതിരെ, മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തത്. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് സസ്പെന്ഷന് ഉത്തരവിറക്കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.
2024 ജൂണ്‍ 20-നായിരുന്നു സംഭവം നടന്നത്. കൊച്ചിയില്‍ ലോഡ്ജ് നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോള്‍ക്ക് നേരെയാണ് സ്റ്റേഷനുള്ളില്‍ വെച്ച് എസ്എച്ച്ഒ പ്രതാപചന്ദ്രന് അതിക്രമം നടത്തിയത്. തലേദിവസം പൊലീസ് നടപടി ഫോണില്‍ ചിത്രീകരിച്ചതിന് ഷൈമോളുടെ ഭര്‍ത്താവ് ബെഞ്ചോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെക്കുറിച്ച് ചോദിക്കാനായി രണ്ട് കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ നാലുമാസം ഗര്‍ഭിണിയായ ഷൈമോളെ, വനിതാ പൊലീസുകാരുടെ സാന്നിധ്യത്തില്‍ പ്രതാപചന്ദ്രന് നെഞ്ചത്ത് തള്ളുകയും മുഖത്തടിക്കുകയുമായിരുന്നു.
സംഭവം നടന്ന സമയത്ത് യുവതി സ്റ്റേഷനില്‍ അതിക്രമം കാണിച്ചുവെന്നും കുട്ടികളെ വലിച്ചെറിയാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പൊലീസ് നല്കിയ വിശദീകരണം. എന്നാല്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. ഒടുവില്‍ ഒരു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് ലഭ്യമാക്കിയത്. ഈ ദൃശ്യങ്ങള്‍ ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പൊലീസിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും പൊളിയുകയായിരുന്നു.