സി.പി.എമ്മേ, കേരള പോലീസേ മാപ്പില്ല ഈ കൊടുംക്രൂരതയ്ക്ക്; ഈ അമ്മമാരുടെ കണ്ണീര്‍ നിങ്ങള്‍ മാത്രമാണ് കാണാതെ പോയത്

Jaihind Webdesk
Monday, September 30, 2019

കാസര്‍കോട്: പെരിയയില്‍ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ശരത്ലാലിന്റെയും കൃപേഷിന്റെയും വീടുകളില്‍ ഇന്നും തേങ്ങലുകള്‍ അടങ്ങിയിട്ടില്ല. ആ രണ്ട് വീടുകളിലെയും ഏക ആണ്‍തരികളെയാണ് സി.പി.എം കൊലയാളികള്‍ വകവരുത്തിയത്.

‘കൊന്നതെന്തിനാ എന്റെ കിച്ചുവിനെ’ കൃപേഷിന്റെ അമ്മ ബാലാമണിയുടെ ചോദ്യം മലയാളി മനസ്സാക്ഷിയെ വേദനിപ്പിച്ചപ്പോഴും അലിയാതിരുന്നത് കേരള പോലീസിന് മാത്രമായിരുന്നുവെന്നാണ് ഇന്നത്തെ ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാകുന്നത്. മൃഗീയമായായിരുന്നു ആ രണ്ട് യുവാക്കളെ സി.പി.എമ്മുകാര്‍ കൊന്നുതള്ളിയത്. എന്നിട്ടും കേരള പോലീസിന്റെ അന്വേഷണ സംഘം കേട്ടത് പ്രതികളുടെ വാക്കുകള്‍. സാക്ഷികളായത് പ്രതികളുടെ കുടുംബക്കാര്‍. അന്വേഷണം നടന്നത് സി.പി.എമ്മിന്റെ യജമാനന്‍മാര്‍ നയിച്ച വഴിയേ. ഇതിനെയൊക്കെയും ഹൈക്കോടതി ഇന്ന് അക്കമിട്ടാണ് ചോദിച്ചത്. എന്നിട്ടും മറുപടിയില്ലാതെ കോടതിയില്‍ നിന്ന് കേരള സര്‍ക്കാരിന്റെ കഠിന ഹൃദയത്തിനെ കല്ലിനേക്കാള്‍ കടുപ്പമുള്ളതിനോടെ ഉപമിക്കാനാകൂ. കൊലയാളികള്‍ ചെയ്ത ക്രൂരതകളെ കവച്ചുവെയ്ക്കുന്നതായിരുന്നു അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കേരള പോലീസിന്റെ പ്രവൃത്തി.

കൃപേഷിന്റെ തലയില്‍ മഴു പോലുള്ള ആയുധത്തിന്റെ വെട്ടേറ്റ് 13 സെന്റിമീറ്റര്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തലച്ചോര്‍ പിളര്‍ന്നിരുന്നു. ശരീരത്തില്‍ വാള്‍ ഉപയോഗിച്ചുള്ള വെട്ടുമുണ്ട്. ശരത് ലാലിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 20 വെട്ടേറ്റു. പകുതിയിലധികവും കാല്‍മുട്ടിനു താഴെ. മൂര്‍ച്ചയേറിയ വാളുപയോഗിച്ചു നെറ്റിയില്‍ വെട്ടിയതിനാല്‍ 23 സെന്റ്റീമീറ്റര്‍ നീളത്തിലുള്ള പരുക്കും മഴു പോലുള്ള കനമുള്ള ആയുധത്താല്‍ വലതു ചെവി മുതല്‍ കഴുത്തു വരെയുള്ള ആഴത്തിലുള്ള പരുക്കും മരണ കാരണമായി. ക്രൂരതയുടെ നേര്‍ക്കാഴ്ച്ചകള്‍ വിവരിച്ച ഈ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘം കാര്യമായി പരിഗണിച്ചിട്ടില്ല.

കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി കേരള പോലീസിനെതിരെ നടത്തിയത് രൂക്ഷ വിമര്‍ശനങ്ങള്‍. പോലീസിന്റെ അന്വേഷണത്തെ ഇഴകീറി വിമര്‍ശിച്ചാണ് കോടതി കേസ് സി.ബി.ഐക്ക് വിട്ടിരിക്കുന്നത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റായിരിക്കും കേസ് അന്വേഷിക്കുക. കൊലപാതകം നടത്തിയത് സി.പി.എം ആകാമെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികളേക്കാള്‍ അന്വേഷണ സംഘം കേട്ടത് പ്രതികളുടെ മൊഴിയാണെന്നും. ഇരകളുടെയുടെയും കുടുംബത്തെയും അന്വേഷണ സംഘം പരിഗണിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം വെച്ച് വിചാരണ ചെയ്താല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. ഈ കുറ്റപത്രം കോടതി റദ്ദാക്കി. പ്രതികള്‍ കൊലപാതക ശേഷം പാര്‍ട്ടി ഓഫീസില്‍ പോയതിനെ ഗൗരവമായി പരിഗണിച്ചില്ല. ഫോറന്‍സിക സര്‍ജ്ജന്റെ മൊഴി യഥാസമയത്ത് രേഖപ്പെടുത്തിയില്ല. രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്.ഐ.ആറില്‍ നിന്ന് വ്യക്തമാണ്. പോലീസിന് രാഷ്ട്രീയ ചായ്‌വുണ്ടായി -കോടതി വിമര്‍ശിച്ചു.

കൊലപാതകം നടത്തിയത് പീതാംബരന്‍ തനിച്ചല്ല. പീതാംബരന് മുകളില്‍ നിന്ന് നിര്‍ദ്ദേശവും പിന്തുണയും കിട്ടിയിട്ടുണ്ട്. എന്നാല്‍ പീതാംബരനില്‍ മാത്രം കേസ് ഒതുക്കാനായിരുന്നു പോലീസിന്റെ ശ്രമം. തന്റെ മകനെതിരെ നേരത്തേ തന്നെ സി.പി.എമ്മിന്റെ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ കൊലവിളി നടത്തിയിരുന്നു. ഇതൊക്കെയും അന്വേഷണ സംഘം അവഗണിക്കുകയായിരുന്നു. ഇതിനെയൊക്കെയും കോടതി ശക്തമായി വിമര്‍ശിച്ചു.