വ്യാജ രേഖ കേസിൽ 11 ദിവസം പിന്നിട്ടിട്ടും മുൻ എസ്എഫ്‌ഐ നേതാവ് വിദ്യയെ പിടികൂടാനാകാതെ പോലീസ്. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിൽ അന്വേഷണസംഘം ഇന്ന് പരിശോധന നടത്താനും സാധ്യതയുണ്ട്. അതേസമയം വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അഗളി പോലീസ് ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും.
അന്വേഷണം തുടങ്ങി 11 ദിവസം പിന്നിട്ടിട്ടും വിദ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. അഗളി സിഐ സലീമിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷോളയൂർ, ചെർപ്പുളശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി.
അതേസമയം വിദ്യയെ പിടികൂടാത്തതിന് പിന്നില്‍ സിപിഎം-എസ്എഫ്ഐ നേതാക്കളുടെ ഇടപെടലാണെന്ന ആക്ഷേപം ശക്തമാണ്. വിദ്യക്കൊപ്പം അട്ടപ്പാടി കോളേജിൽ അഭിമുഖത്തിന് എത്തിയ എസ്എഫ്ഐ നേതാവ് വ്യാജരേഖ നിർമ്മിക്കാൻ വിദ്യയെ സഹായിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അട്ടപ്പാടി ഗവൺമെന്‍റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി കെ വിദ്യ അഭിമുഖത്തിനെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമാല്ല. കോളേജിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം കിട്ടിയത്.