ചാത്തന്നൂര്‍ പോലീസെന്നാല്‍ ഗുണ്ടകളോ…!! കൊല്ലത്ത് വീണ്ടും പോലീസ് അതിക്രമം.

Jaihind News Bureau
Friday, February 14, 2025

കൊല്ലത്ത് വീണ്ടും പോലീസ് അതിക്രമം. കൊല്ലം ചാത്തന്നൂരില്‍ ഒത്തുതീപ്പായ കേസില്‍ വാറണ്ട് ഓര്‍ഡറുമായി അര്‍ദ്ധരാത്രി വീട്ടില്‍ കയറി പൊലീസ് ഗൃഹനാഥനെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലം പള്ളിമണ്‍ സ്വദേശി അജിയുടെ വീട്ടിലാണ് അര്‍ധരാത്രി മതില്‍ ചാടികടന്നു കയറി പോലീസ് അതിക്രമം നടത്തിയത്.തന്റെ പേരില്‍ കേസ് ഒത്തു തീര്‍പ്പായതാണല്ലോ എന്നറിയിച്ചിട്ടും വസ്ത്രം മാറുവാന്‍ പോലും അനുവദിക്കാതെ ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കും മുന്നില്‍ ബലമായി പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് പരാതി . പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളുമായി അജിയും കുടുംബവും മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കും.

ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍യാണ് സംഭവമുണ്ടായത്. ചാത്തന്നൂര്‍ എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തില്‍ എത്തിയ അഞ്ചംഗ പോലീസ് സംഘമാണ് കൊല്ലം പള്ളിമണ്‍ സ്വദേശി അജിയുടെ വീട്ടില്‍ അതിക്രമം നടത്തിയത്.അര്‍ധരാത്രി മതില്‍ ചാടികടന്ന് വീട്ടില്‍ കയറിയ പോലീസ് ഏതോ പിടികിട്ടാപ്പുള്ളിയെ പോലെ അജിയെ ബലമായി കസ്റ്റഡിയില്‍ എടുത്തത്. കേസില്ലെന്ന് പറഞ്ഞിട്ടും വസ്ത്രം മാറുവാന്‍ പോലും അനുവദിക്കാതെ ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കും മുന്നില്‍ ബലമായി പോലീസ് അജിയെ കസ്റ്റഡിയിലെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അജിയും മറ്റൊരാളും തമ്മില്‍ നേരത്തെ കടമുറിയുടെ വാടക തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസ് നിലവിലുണ്ടായിരുന്നു. ആ കേസ് കോടതിയിലും എത്തിയിരുന്നു. ജനുവരിയില്‍ ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പായതോടെ ആ കേസും അവസാനിച്ചിരുന്നു.ഇതിനിടയിലാണ് ഒത്തുതീര്‍പ്പായ നിസ്സാരമായ കേസില്‍ കൊടും കുറ്റവാളികളെ പിടികൂടുന്ന മാതൃകയില്‍ പോലീസ് വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ പിടികൂടിയത്. കേസ് അവസാനിച്ച കാര്യം അറിഞ്ഞില്ലെന്നും വാറണ്ട് നിലവില്‍ ഉണ്ടായിരുന്നെന്നുമാണ്ചാത്തന്നൂര്‍ പൊലീസിന്റെ വിശദീകരണം.തനിക്ക് നേരിട്ട അപമാനത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്  പരാതികളും നിയമ പോരാട്ടവുമായി മുന്നോട്ടുപോവുകയാണ് അജി.