സാമൂഹ്യപരിഷ്ക്കരണത്തിലൂടെ മാനവികതയുടേയും സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും ഈറ്റില്ലമായി മാറിയ കേരളത്തിന് ഇന്ന് 62 തികയുമ്പോൾ നാട്ടിലാകെ മുഴങ്ങുന്നത് പ്രതിഷേധത്തിന്റെ ശരണംവിളിയാണ്. ഭാഷാടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിന് നിലവിൽ വന്ന സംസ്ഥാനം രാജ്യത്തിന് തന്നെ നവോത്ഥാന സങ്കൽപങ്ങൾക്ക് മാർഗദർശിയായി മാറിയ ചരിത്രമാണുള്ളത്. വിദ്യാഭ്യാസ – കാർഷിക മേഖലയിൽ കേരളം നേടിയ പുരോഗതി കാലാതിവർത്തിയാണ്. സമസ്ത രംഗത്തും മുന്നേറുകയും ജനജീവിതത്തിന്റെ താളം സമാധാനത്തിൽ നിലനിർത്തുകയും ചെയ്ത സംസ്ഥാനത്തെ പ്രജകള്‍ ഇന്നത്തെ പ്രതിഷേധങ്ങളിൽ തീര്‍ത്തും ഖിന്നരാണ്.
കേരളത്തെ പിടിച്ചുലച്ച പ്രളയകാലത്തെ മറികടന്ന പൊതുസമൂഹം ഇപ്പോൾ ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ പുറത്തുവന്ന സുപ്രീംകോടതി വിധിയെചൊല്ലിയുള്ള പ്രതിഷേധങ്ങൾക്ക് നടുവിലാണുള്ളത്. മതസൗഹാർദത്തിന് കേൾവികേട്ട ശബരിമലയെന്ന സർവമത തീർഥാടന കേന്ദ്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ മലയാളത്തിന്റെ മനസിനെയാണ് മുറിവേൽപ്പിച്ചത്. സ്ത്രീകൾക്കും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ജാതിയടിസ്ഥാനത്തിൽ വിവേചനം നേരിടേണ്ടി വന്നവർക്കുമടക്കമുള്ളവർക്ക് വേണ്ടി നവോത്ഥാന സമരങ്ങൾക്ക് പുകൾകൊണ്ട നാട് ഇപ്പോൾ ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ രണ്ടു തട്ടിലാണ് നിലയുറപ്പിച്ചിട്ടുള്ളത്.
നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ക്ഷേത്രാചാര സങ്കൽപ്പങ്ങളെ ഒറ്റ കോടതിവിധിയിലൂടെ ഒരു സുപ്രഭാതത്തിൽ മാറ്റിമറിക്കാനാവില്ലെന്ന വിശ്വാസി സമൂഹത്തിന്റെ വാക്കുകൾ പ്രഥമഗണനനീയമാണ്. അതേപോലെ രാജ്യത്തെ ഏതു ക്ഷേത്രത്തിലും പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും പ്രവേശിക്കാമെന്ന മൗലികാവകാശങ്ങളിൽ ഊന്നിനിന്നുള്ള സുപ്രീം കോടതി വിധിയും മാനിക്കാതിരിക്കാനാവില്ല. കേരളത്തെ നടുക്കിയ പ്രളയകാലത്ത് എല്ലാ വേർതിരിവുകളും മറന്ന് ഒറ്റക്കെട്ടായി കൈകോർത്ത സമൂഹം ഈ പ്രശ്നത്തെയും വരുംകാലത്ത് അതിജീവിക്കുക തന്നെ ചെയ്യുമെന്നതിൽ തർക്കമില്ല.
വർഗീയ-ഛിദ്ര ശക്തികൾക്ക് മലയാളികളെ അധികകാലം കബളിപ്പിക്കാനാവില്ല. അക്രമം കാട്ടിയും പൊതുമുൽ നശിപ്പിച്ചും കല്ലെറിഞ്ഞും സംഘർഷം സൃഷ്ടിച്ച് മനസുകളെ അധികനാൾ കളങ്കപ്പെടുത്താനാവില്ല.
വിശ്വാസിസമൂഹത്തിന്റെ താൽപര്യങ്ങളെ ഹനിക്കാതെ രാജ്യത്തിന്റെ ഉന്നത മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുള്ള തീർപ്പിനാവണം എല്ലാവരും ശ്രമിക്കേണ്ടതെന്നും ഓർത്തുകൊണ്ടിരിക്കണം. സമാധാനപൂർണമായ മലയാളത്തിന്റെ പരിവേഷം കവർന്നെടുക്കാൻ കേരളത്തെ പിടിച്ചുലച്ച പ്രളയത്തിനും കാര്യമായി സാധിക്കാതെ വന്നത് മലയാളിയുടെ വേർതിരിവുകളില്ലാത്ത കെട്ടുറപ്പ് ഒന്നുകൊണ്ട് മാത്രമാണ്. ഇതേ നിലപാട് ശബരിമലയിൽ ഉയർന്നിട്ടുള്ള പ്രതിഷേധങ്ങളിലും പ്രതിഫലിക്കണമെന്നതാണ് നാടിന്റെ പൊതുവികാരം. പ്രളയജലമൊഴുകിയ നാടിനെ പുനർനിർമിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന സർക്കാർ ഇനിയെങ്കിലും ദുരിതബാധിതർക്ക് കൈത്താങ്ങാകണം. നൂലാമാലകൾക്കും ഫയൽക്കുരുക്കെന്ന പൊതിയാതേങ്ങയ്ക്കും നാടിനെ വിട്ടുകൊടുക്കാതെ അവരുടെ പ്രശ്നങ്ങൾ ഹൃദയം കൊണ്ട് മനസിലാക്കി വേഗത്തിൽ പരിഹരിക്കാനാണ് ശ്രമമുണ്ടാവേണ്ടത്.
സർവനന്മകളുടെയും വിളനിലമായ കേരളത്തിന്റെ മറ്റൊരു പിറന്നാൾ ദിനം കൂടികടന്നുപോകുമ്പോൾ എല്ലാ പ്രതിഷേധങ്ങൾക്കുമപ്പുറം മലയാളമെന്ന വികാരമാണ് എല്ലാവരിലും സമൂർത്തമാവേണ്ടത്. ഏവര്‍ക്കും ടീം ജയ്ഹിന്ദിന്റെ കേരളപ്പിറവി ദിനാശംസകൾ…