കെ.എം.മാണിയ്ക്ക് വിട… അന്തിമോപചാരം അർപ്പിച്ച് കേരളം…

അന്തരിച്ച കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം.മാണിയുടെ സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിൽ നടക്കും. രാവിലെ കോട്ടയത്ത് എത്തിക്കുന്ന മൃതദേഹം കേരള കോൺഗ്രസ്-എം സംസ്ഥാന കമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും പൊതുദർശനത്തിന് വയ്ക്കും. ഇവിടെ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ പാലായിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. അവിടെയും പൊതുദർശനത്തിന് സൗകര്യമൊരുക്കുന്നുണ്ട്. നാളെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചേകാലോടെയാണ് മാണിയുടെ മരണവാർത്ത ലേക് ഷോർ ആശുപത്രി പുറത്തു വിട്ടത്. ഇതിന് ശേഷം അര മണിക്കൂറോളം ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. നൂറുകണക്കിന് കേരള കോൺഗ്രസ് പ്രവർത്തകരും മാണിയുടെ ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു.

മാണിയുടെ മരണത്തെ തുടർന്ന് കോട്ടയത്തേയും എറണാകുളത്തേയും എല്ലാ മുന്നണി സ്ഥാനാർഥികളും പ്രചാരണം അവസാനിപ്പിച്ചു. യുഡിഎഫിൻറെ പ്രമുഖ നേതാക്കളെല്ലാം ഇന്ന് മാണിക്ക് യാത്രാമൊഴി ചൊല്ലാൻ കോട്ടയത്ത് എത്തും.

Comments (0)
Add Comment