വീണയുടെ പുളു; ഓണറേറിയത്തില്‍ നമ്പര്‍ വണ്‍ കേരളമാണോ മന്ത്രീ..?

Jaihind News Bureau
Saturday, February 22, 2025

ആശാ വർക്കർമാർക്ക് രാജ്യത്തെ ഏറ്റവുമുയർന്ന ഓണറേറിയം നൽകുന്നതു കേരളമാണെന്നാണ് ആരോഗ്യ മന്ത്രിയുടെ വാദം. ആശാ വർക്കർമാരുടെ സമരം പതിമൂന്നാം ദിനത്തിലെത്തുമ്പോൾ ചർച്ചയാകുന്നത് മന്ത്രി വീണാ ജോർജിന്‍റെ പ്രസ്ത‌ാവനയാണ്. എന്നാൽ വീണാ ജോർജിന്‍റെ വാദം ശരിയല്ലെന്നു സംഘടനാ ഭാരവാഹികൾ വ്യക്തമാക്കുന്നു.

ആശാ വർക്കർമാർക്ക് രാജ്യത്തെ ഏറ്റവുമുയർന്ന ഓണറേറിയം നൽകുന്നതു കേരളമാണെന്നാണ് മന്ത്രി വീണാ ജോർജിൻ്റെ പ്രസ്താവന. എന്നാൽ ഇത് ശരിയല്ലെന്നു സംഘടനാ ഭാരവാഹികളും വ്യക്തമാക്കുന്നു. ഇൻസെന്‍റീവ് ഉൾപ്പെടെ 13,500 രൂപവരെ പ്രതിമാസം ലഭിക്കുന്നുണ്ടന്ന് അവകാശപ്പെടുന്ന മന്ത്രി, ആ തുക എത്ര പേർക്കു ലഭിക്കുന്നുണ്ടെന്നു വെളിപ്പെടുത്തണം. ഓണറേറിയം വർധിപ്പിക്കാനോ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാനോ സർക്കാർ തയാറാകുന്നില്ല. സമരം ആരംഭിച്ചശേഷമാണ് ഓണറേറിയവുമായി ബന്ധപ്പെട്ട ഉപാധികൾ പിൻവലിക്കാൻ മന്ത്രി നിർബന്ധിതയായത്. ഓണറേറിയമായി 7,000 രൂപയാണു നൽകുന്നത്. 10 ഉപാധികളിൽ ഓരോന്നും നിറവേറ്റിയില്ലെങ്കിൽ ഇതിൽനിന്ന് 700 രൂപ വീതം കുറയ്ക്കുമായിരുന്നു. സിക്കിം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഓണറേറിയമായ 1, 10,000 രൂപ നൽകുന്നുണ്ടെന്നു കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ പറയുന്നു.

കർണാടകയിൽ 5,000 രൂപയായിരുന്ന ഓണറേറിയം 10,000 രൂപയാക്കി. 20,000 രൂപയായിരുന്ന വിരമിക്കൽ ആനുകൂല്യം അടുത്ത ബജറ്റിൽ 5 ലക്ഷമാക്കുമെന്നും ഓണറേറിയത്താടു കൂടിയ അവധി അനുവദിക്കുമെന്നും കർണാടക സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. അവിടെ നഗരപ്രദേശത്ത് 15,000 രൂപവരെയും ഗ്രാമങ്ങളിൽ 12,000 രൂപവരെയും ലഭിക്കുന്നുണ്ട്. കർണാടകയിൽ ആശമാർക്ക് 32 തരം ജോലികളാണെങ്കിൽ കേരളത്തിൽ അറുപതിലേറെ ജോലികളുണ്ട്. ബംഗാളിൽ വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപയും ആന്ധ്രയിൽ ഓണറേറിയമായി 10,000 രൂപയും നൽകുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. കേരളത്തിൻ്റെ ആരോഗ്യ മികവിന് പുരസ്കാരങ്ങൾ വാങ്ങുന്നവർ ആശപ്രവർത്തകരുടെ ആവശ്യങ്ങൾ തള്ളിപ്പറയുന്നതിൽ നിരാശരാണ് ഇവർ.