കേരള മോഡല്‍ വികസനം – മറക്കാതിരിക്കാം ഈ മുന്നേറ്റങ്ങള്‍

Jaihind News Bureau
Saturday, May 2, 2020

 

ഡോ.രോഹിത് ചെന്നിത്തല

ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഏറെ പ്രശസ്തിയാര്‍ജിച്ചതാണ് ‘കേരള മോഡല്‍ വികസനം’. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക്, കുറഞ്ഞ ജനന നിരക്ക് തുടങ്ങിയ സാമൂഹിക സൂചകങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളാണ് കേരള മോഡല്‍ വികസനത്തിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം കുറവാണെങ്കിലും സാമൂഹിക വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് വികസിത രാജ്യങ്ങളോടൊപ്പം എത്താന്‍ സാധിച്ചു.

ഇന്ത്യയുടെ തെക്കു-പടിഞ്ഞാറ് തീരപ്രദേശത്ത് 631 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കേരളം ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 4.5% പങ്കിടുന്നു. പ്രകൃതി സൗന്ദര്യംകൊണ്ട് സമ്പന്നമായ ഈ കൊച്ചുസംസ്ഥാനത്തിന് ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന വിളിപ്പേര് എന്തുകൊണ്ടും അനുയോജ്യമാണ്. ഇത് സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകളെ പരിപോഷിപ്പിക്കാനും ഏറെ സഹായിക്കുന്നു.

സാക്ഷരതയുടെ കാര്യത്തിലാണ് കേരളം മുന്നിട്ടുനില്‍ക്കുന്നത്. നല്ലൊരു ശതമാനം സ്ത്രീകളും സാക്ഷരരാണെന്നുള്ളതാണ് ഇവിടെ ശ്രദ്ധേയമായ കാര്യം. സ്ത്രീകളെക്കാള്‍ ചെറിയൊരു ശതമാനം മാത്രം കൂടുതലാണ് സാക്ഷരരായ പുരുഷന്മാരുടെ എണ്ണം. ഇന്ത്യയിലെ ജനസംഖ്യാ വര്‍ധന നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ചൈനയുടെ സീറോ ജനസംഖ്യ വര്‍ധന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം അതിന്റെ തൊട്ടടുത്താണ്. പക്ഷേ, ജനസാന്ദ്രതയുടെ കാര്യത്തില്‍ കേരളം മുന്നിലുമാണ്. അതേസമയം കുറഞ്ഞ ശിശുമരണ നിരക്ക് സംസ്ഥാനത്തെ ആരോഗ്യ ഗുണനിലവാരത്തിന്റെ ഏറ്റവും മികച്ച മറ്റൊരു ഉദാഹരണമാണ്.

ഉയര്‍ന്ന സാമൂഹിക നിലവാരം പുലര്‍ത്തുന്നവരാണ് കേരളത്തിലെ വനിതകള്‍. അണുകുടുംബാംഗങ്ങളായ നല്ലൊരു ശതമാനം സ്ത്രീകളും തൊഴില്‍ ചെയ്യുന്നവര്‍ കൂടിയാണ്. രാജ്യത്ത് ഏറ്റവും കുറവ് ബാലവേല നിരക്ക് കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനം കൂടിയാണ് കേരളം. 1973 മുതല്‍ക്കേ കേരളത്തിലെ നാലില്‍ ഒരു കുടുംബത്തിന്റെ വരുമാനം ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ഏകദേശം 80 ലക്ഷത്തിലേറെ കേരളീയര്‍ ജോലി ചെയ്യുന്നതോ അല്ലെങ്കില്‍ ജീവിക്കുന്നതോ കേരളത്തിനു പുറത്താണെന്നാണ് 2003 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് (Encyclopedia.com figures)

കേരളം ഇത്രയധികം വികസനം കൈവരിച്ചുവെങ്കിലും അതിനനുസരിച്ച് വ്യവസായിക വളര്‍ച്ച നേടാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ സാധിച്ചിട്ടില്ല. ടൂറിസം ഒഴികെ സംസ്ഥാനത്തിന്റെ മറ്റു സാമ്പത്തിക രംഗങ്ങളെല്ലാം നിശ്ചലമാവുകയും നഷ്ടത്തിലാവുകയും ചെയ്തു. ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി എന്നിവയെ കാര്യമായി ബാധിക്കുകയും ഇത് തൊഴിലില്ലായ്മയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.

പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ പാരമ്പര്യമാണ് കേരളത്തിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ് ) എന്നിവയാണ് കേരളത്തിലെ രണ്ട് മുഖ്യ പാര്‍ട്ടികള്‍. കേരള മോഡല്‍ വികസനം എന്ന ആശയം ഇത്രയും അധികം ജനകീയമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് പ്രഗത്ഭരായ സാമ്പത്തിക ശാസ്ത്രജ്ഞരാണ് ജീന്‍ ഡ്രൂസും അമൃത്യസെനും. കേരള മോഡലിനെ ഇവര്‍ നിര്‍വ്വചിച്ചിരിക്കുന്നത്,

ഒരുകൂട്ടം ഉയര്‍ന്ന ഭൗതീക ജീവിത ഗുണനിലവാര സൂചകങ്ങളും താഴ്ന്ന പ്രതിശീര്‍ഷ വരുമാനവും കേരളത്തിലെ മൊത്തം ജനങ്ങള്‍ക്കിടയില്‍ സമാനമായി വിതരണം ചെയ്തു.

സമ്പത്തിന്റെയും വിഭവങ്ങളുടെയും പുനര്‍വിതരണ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന ഭൗതിക ജീവിത ഗുണനിലവാര സൂചകങ്ങള്‍ കൊണ്ടുവരാന്‍ സഹായിച്ചു.

എല്ലാ നിലവാരത്തിലുമുള്ള സാധാരണക്കാരായ ജനങ്ങളുടെ രാഷ്ട്രീയം ആക്ടിവിസം എന്നീ രംഗത്തുള്ള സജീവവും ആത്മാര്‍ത്ഥവുമായ പങ്കാളിത്തം.

കേരളത്തിലെ ആരോഗ്യസംരക്ഷണം

ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വരവിന് മുന്‍പുതന്നെ ആയൂര്‍വ്വേദം ഉള്‍പ്പടെയുള്ള പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കു മുന്‍പുതന്നെ കേരളത്തിലെ നാട്ടുരാജ്യങ്ങളായ മലബാര്‍, തിരുകൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ ആരോഗ്യസംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ പുലര്‍ത്താനും പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കാനും മുന്‍കൈയെടുത്തിരുന്നു. ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടര്‍ കേരളത്തില്‍ നിന്നുമുള്ള ഡോ. മേരി പുന്നന്‍ ലൂക്കോസാണ്.

നൂറ്റാണ്ടുകള്‍ക്കു മുന്‍പേ കേരളം ആരോഗ്യകാര്യങ്ങളില്‍ എത്രമാത്രം ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നതിന് മികച്ചൊരു ഉദാഹരണമാണ് നിര്‍ബന്ധിത പ്രധിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട 1879 ലെ മഹത്തായ വിളംബരം. സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പ്രാഥമിക ആരോഗ്യ സംവിധാനങ്ങളും കൊച്ചിയിലും തിരുവനന്തപുരത്തും ജനറല്‍ ആശുപത്രിയും 150 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാര്‍ കേരളത്തിന്റെ ഗ്രാമ പ്രദേശങ്ങളില്‍ മിഷന്‍ ആശുപത്രികള്‍ ആരംഭിക്കുകയും ഇതുവഴി നിരവധി ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ നഴ്സിംഗ് ഒരു കരിയറായി ഏറ്റെടുക്കുകയും ചെയ്തു.

കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം മാറിമാറി വന്ന സര്‍ക്കാരുകള്‍ എല്ലാവിഭാഗം ജനങ്ങളുടെയും ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി. ഈ നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്തെ ഏറെ സഹായിച്ചത് ഇവിടുത്തെ ഉയര്‍ന്ന സാക്ഷരത നിരക്കാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ കൈവരിച്ച സാക്ഷരത. ഈ നേട്ടം ജനന നിരക്ക് കുറയ്ക്കാനും ഏറെ സഹായിച്ചു.

കേരളത്തില്‍ ഏകദേശം 3600 സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളുണ്ട്. 38,000 ത്തോളം ബെഡ്ഡുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലും 67,000 ത്തിലധികം ബെഡ്ഡുകള്‍ സ്വകാര്യ ആശുപത്രികളിലുമായി ഉണ്ട്. പ്രാഥമിക ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് കേരളത്തിന്റെ ആരോഗ്യമേഖലയുടെ മുഖമുദ്ര. ലോകാരോഗ്യ സംഘടനയുടെയും യുനിസെഫിന്റെയും കണക്കുകള്‍ പ്രകാരം ‘ലോകത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനമാണ് ‘ കേരളം. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിച്ചതിനാണ് ഈ അംഗീകാരം സംസ്ഥാനത്തെ തേടിയെത്തിയത്. കേരളത്തിലെ 95%ത്തിലധികം പ്രസവങ്ങളും ആശുപത്രികളിലാണ് നടക്കുന്നത്.

സാംക്രമിക രോഗങ്ങളോട് പോരാടുന്നതിനും പ്രതിരോധിക്കുന്നതിനും വേണ്ടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നതാണ് കേരളത്തിന്റെ പ്രാഥമിക ആരോഗ്യ പ്രതിരോധത്തിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഇതോടൊപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പെയ്ന്‍ & പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്കും സംസ്ഥാനം പ്രത്യേക ഊന്നല്‍ നല്‍കിവരുന്നു. കേരള ജനത ആരോഗ്യകാര്യങ്ങളില്‍ മുന്‍പന്തിയിലാണെന്ന് ഈ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നു.

നഗര-ഗ്രാമങ്ങളുടെ കാര്യത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഇല്ലാത്തതാണ് കേരളത്തിന്റെ മറ്റൊരു പ്രത്യേകത. മാര്‍ക്കറ്റ്, സ്‌കൂളുകള്‍, പോസ്റ്റ് ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനത്തിന്റെ നഗര-ഗ്രാമങ്ങളില്‍ ലഭ്യമാണ്. ചിലപ്പോള്‍ ഈ സൗകര്യങ്ങളൊക്കെ ഏതെങ്കിലും പ്രദേശങ്ങളുടെ തൊട്ടടുത്തില്ലെങ്കില്‍ 2-5 കിലോമീറ്ററിനുള്ളില്‍ ഉറപ്പായും ലഭ്യവുമാണ്. മറ്റൊരു പ്രത്യേകത, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പൊതുകിണര്‍, പ്രാര്‍ത്ഥന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റ് തുടങ്ങിയവ ഒരുപോലെ ലഭ്യമാണെന്നുള്ളതാണ്.

ഇത്തരത്തില്‍ എന്റെ ജന്മനാടിന്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു മുന്നേറുകയാണെങ്കില്‍, ഈ ലേഖനം കടലുപോലെ നീണ്ടുപോകുമെന്ന് ഉറപ്പാണ്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും സാമ്പത്തിക വികസനത്തിന്റെ കാര്യത്തിലും കേരളത്തിന് കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും സാമൂഹിക പുരോഗതിയുടെ കാര്യത്തില്‍ വികസിത രാജ്യങ്ങളോടൊപ്പം എത്താന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്ന് മുകളില്‍ സൂചിപ്പിച്ചിരുന്നു. പൊതുബോധത്തിന്റെ കാര്യത്തില്‍ മലയാളികള്‍ ഏറെ മുന്നിലാണ്. സജീവപ്രവര്‍ത്തകര്‍ അല്ലെങ്കിലും മലയാളികളില്‍ മഹാഭൂരിപക്ഷവും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അനുഭാവമുള്ളവരും നല്ല രാഷ്ട്രീയ ബോധമുള്ളവരുമാണ്. പത്രവും ആനുകാലിക ലേഖനങ്ങളും വായിക്കുന്നത് നല്ലൊരു വിഭാഗം മലയാളികളുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ചെറിയൊരു വിഭാഗം നഗരവാസികള്‍ ഡിജിറ്റല്‍ വായനയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.

ഈ വസ്തുതകളൊക്കെ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളില്‍ അത്രമാത്രം അതിശയങ്ങളൊന്നുമില്ലെന്ന്. നൂറ്റാണ്ടായി ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളാണ് ഈ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായത്.

ക്രെഡിറ്റ് എടുക്കുന്നതും കൊടുക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കാലാകാലങ്ങളായി കേരളം നേടിയെടുത്ത ശക്തമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെയും മലയാളികളുടെ ആഴത്തിലുള്ള അവബോധത്തിന്റെയും പിന്തുണയോടെ മറ്റുള്ളവര്‍ ചെയ്ത പ്രവൃത്തികളിലൂടെ ആളുകള്‍ക്ക് ക്രെഡിറ്റ് കൈപ്പറ്റാന്‍ സാധിക്കും. എന്നാല്‍ അര്‍ഹിക്കുന്ന കാര്യങ്ങള്‍ക്കു മാത്രമേ മലയാളികള്‍ ക്രെഡിറ്റ് കൊടുക്കുകയുള്ളു