
ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതോടെ കോണ്‍ഗ്രസിനെ ആ പോരില്‍ ഇനി ക്രൂശിക്കേണ്ട കാര്യമില്ല. രാഹുല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോയാലും ഇല്ലെങ്കിലും അതൊന്നും ഇനി കോണ്‍ഗ്രസിനെയോ യുഡിഎഫിനേയോ ബാധിക്കില്ല. കുറച്ചു ദിവസങ്ങളായി മാധ്യമങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പിന്നാലെയാണ്. ആരോപണവിധേയനായ വ്യക്തിയുടെ തുടര്‍നടപടികള്‍ ഇനി പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന്റെ പരിധിയില്‍ വരില്ല എന്ന രാഹുലിനെ പുറത്താക്കിയതോടെ വ്യക്തവുമാണ്.
കേരളത്തിലെ മാധ്യമങ്ങള്‍ ഈ വിഷയത്തിന് നല്‍കിയ അമിത പ്രാധാന്യം, മാധ്യമധര്‍മ്മം പാലിക്കപ്പെട്ടോ എന്ന ഗൗരവമായ ചോദ്യം ഉയര്‍ത്തുന്നതാണ്. യഥാര്‍ത്ഥ മാധ്യമ ധര്‍മം പോലും മറന്ന് മഞ്ഞ പത്രങ്ങളുടെ നിലവാരത്തിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ശബരിമല സ്വര്‍ണ്ണക്കൊള്ള പോലുള്ള കൂടുതല്‍ ഗൗരവകരമായ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. പിണറായി സര്‍ക്കാരിന് ‘വിടുപണി’ ചെയ്യുന്ന മാധ്യമങ്ങള്‍ ഉണ്ടെന്ന പൊതുബോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പ്രതിപക്ഷത്തിനെതിരെ ഉയര്‍ന്ന ‘സ്ത്രീ വിഷയം’ വീണുകിട്ടിയ അവസരമായി മുതലെടുത്ത്, സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാമ്പത്തിക അഴിമതി ആരോപണങ്ങളില്‍ നിന്ന് മറയിടാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ ശക്തമായി തുടരുകയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന് പിന്നാലെ, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം നീളാനുള്ള സാധ്യതകള്‍ നിരവധിയാണ്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഈ സാഹചര്യത്തില്‍, രാജ്യത്തെ ഞെട്ടിച്ച ഒരു അഴിമതി മറച്ചുവെച്ചുകൊണ്ട്, സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ‘സ്ത്രീ വിഷയങ്ങള്‍’ ചര്‍ച്ചയാക്കുന്നത്, യഥാര്‍ത്ഥത്തില്‍ പൊതുസമൂഹത്തിന് ലഭിക്കേണ്ട ധാര്‍മ്മികവും സത്യസന്ധവുമായ വിവരങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. ഈ ‘ശ്രദ്ധ മാറ്റല്‍ തന്ത്രത്തിന്’ മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ, മാധ്യമ ധാര്‍മികതയുടെ നിലവാരത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.