വോട്ടെടുപ്പിന് രണ്ടു നാള്‍ ; പരസ്യപ്രചാരണത്തിന് നാളെ കൊടിയിറങ്ങും, കൊട്ടിക്കലാശമില്ല

Jaihind Webdesk
Saturday, April 3, 2021

Election-India

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾ മാത്രം ശേഷിക്കെ പരസ്യ പ്രചാരണത്തിനു നാളെ കൊടിയിറങ്ങും.
ഒരോ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളിലും ഉറച്ച പ്രതീക്ഷയുമായാണ് മുന്നണികളും പ്രവർത്തകരും പ്രചാരണം കൊഴുപ്പിക്കുന്നത്. അതേസമയം ഇത്തവണ കലാശക്കൊട്ടിന് വിലക്ക് വന്നതോടെ വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് പ്രചരണചൂടേറും.

കേരളം ജനവിധി രേഖപ്പെടുത്താൻ രണ്ടു നാൾ മാത്രം ശേഷിക്കെ അരയും തലയും മുറുക്കിയാണ് മുന്നണികൾ പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കി കളം നിറയുന്നത്. പുത്തൻ പ്രചരണ രീതികൾ പരീക്ഷിച്ചും ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നും സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രചരണച്ചൂട് വർധിപ്പിക്കുകയാണ്. അതേസമയം മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ മാറ്റ് കൂട്ടി ദേശീയ നേതാക്കള്‍ ഉൾപ്പെടെയുള്ളവരുടെ വരവും രാഷ്ട്രീയ കേരളത്തിൽ തെരഞ്ഞെടുപ്പ് ആവേശമുയർത്തുന്നുണ്ട്.

യുഡിഎഫിനു വേണ്ടി രാഹുൽ ഗാന്ധി വീണ്ടും പടയോട്ടം നടത്തും. രാഹുൽ ഗാന്ധിക്ക് പുറമേ പ്രിയങ്കാ ഗാന്ധിയുടെ പര്യടനവും യുഡിഎഫിന് വൻ വിജയപ്രതീക്ഷയാണ് സമ്മാനിക്കുന്നത് ദേശീയ നേതാക്കൾ കൂടി ഒപ്പം ചേർന്നതോടെ കോൺഗ്രസ് പ്രവർത്തകർക്കിടയിലെ ആവേശം ചെറുതൊന്നുമല്ല. ഇടതുസർക്കാരിന്‍റെ അഴിമതി കഥകളിൽ തുടങ്ങി ഇരട്ടവോട്ട് അടക്കം വരെ വരുന്ന കേരളം നേരിടുന്ന പല പ്രശ്‌നങ്ങളെയും രാഷ്ട്രീയ കേരളത്തിൽ ചർച്ചാവിഷയമാക്കുകയാണ് പ്രതിപക്ഷം. പ്രചാരണ പ്രവർത്തനങ്ങളും അതിന്‍റെ ആവേശം ചോരാതെയാണ് യുഡിഎഫ് പ്രവർത്തകർ സംസ്ഥാനത്തുടനീളം നയിക്കുന്നത്. ദേശീയ നേതാക്കളുടെ വരവും യുഡിഎഫിന്‍റെ ജനകീയ അടിത്തറയെ കൂടുതൽ ശക്തമാക്കിയിരിക്കുന്നു എന്നതും വ്യക്തം.

അതേസമയം വോട്ടെടുപ്പിന്‍റെ അവസാന മണിക്കൂർ വരെ ജാഗ്രത തുടരുമെന്നുള്ള നയമാണ് സിപിഎം തുടരുന്നത്. തുടർഭരണത്തിനുള്ള അന്തരീക്ഷം നാട്ടിലുണ്ടന്ന് നേതാക്കൾ പറയുമ്പോഴും കഴിഞ്ഞ തവണ ജയിച്ച മുഴുവൻ സീറ്റോ ഭൂരിപക്ഷമോ ഇടതുമുന്നണി അവകാശപ്പെടുന്നുമില്ല. പ്രചാരണം പുരോഗമിക്കുമ്പോഴും പ്രതിപക്ഷം പുറത്തുകൊണ്ടുവരുന്ന ശക്തമായ ആരോപണങ്ങളും സിപിഎമ്മിന് തിരിച്ചടിയാകുന്നുണ്ട്. തുടർഭരണ ചർച്ചകളും സർവേകളും ആദ്യ രണ്ടു ഘട്ടത്തിൽ ഇടതുമുന്നണിക്ക് മുൻതൂക്കം നൽകിയപ്പോൾ സർക്കാരിനെ പ്രതിരോധത്തിൽ നിർത്തുന്ന ആരോപണശരങ്ങളാണ് പ്രതിപക്ഷം തൊടുത്തുവിട്ടത്.

അതേസമയം മറ്റ് മുന്നണികളുടെ കണക്കുകൂട്ടലുകൾ മറികടക്കുവാനുള്ള തന്ത്രങ്ങളുമായാണ് എൻഡിഎയും പ്രചരണകളം നിറയുന്നത്. എൻഡിഎയുടെ പ്രചരണത്തിനായി തിരുവനന്തപുരത്തും പത്തനംതിട്ടയിലും നരേന്ദ്ര മോദി സന്ദർശനം നടത്തിയ പിന്നാലെ അമിത് ഷായും ഇന്ന് രണ്ടാം ഘട്ട പര്യടനത്തിന് കേരളത്തിലെത്തിയേക്കും. ഉയർന്നുവരുന്ന ഡീൽ വിവാദവും ബിജെപിക്ക് പ്രതികൂലമാകുന്നുണ്ട്.  140 നിയമസഭാ മണ്ഡലങ്ങളിലേയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും തുടരുന്ന മുന്നണികളുടെ വീറും വാശിയും നിറഞ്ഞ പരസ്യ പ്രചാരണങ്ങൾക്ക് നാളെ വൈക്ട്ട്  7 ന് സമാപനമാകുമ്പോൾ കൊവിഡ് പശ്ചാത്തലത്തിൽ രാഷ്ട്രീയ കേരളത്തിൽ ഇത്തവണ കൊട്ടിക്കലാശം ജനാധിപത്യമനസുകളിലാകും.